ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ 20 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍

ആലപ്പുഴ അമ്പലപ്പുഴ കാരൂര്‍ സ്വദേശിയായ ജി ബിജു കുമാറിനെയാണ് കാസര്‍കോട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

കാസര്‍കോട് : ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ 20,13,000 രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളില്‍ ഒരാളെ കാസര്‍കോട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ കാരൂര്‍ സ്വദേശിയായ ജി ബിജു കുമാറിനെ(54)യാണ് കാസര്‍കോട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വലിയ പറമ്പ് ഇടയിലക്കാട് സ്വദേശിയാണ് തട്ടിപ്പിനിരയായത്.

ഇന്‍സ്റ്റഗ്രാം, വാട്സ് ആപ് എന്നിവ വഴിയാണ് ബിജുകുമാര്‍ ഇടയിലക്കാട് സ്വദേശിയെ ബന്ധപ്പെട്ടത്. ഷെയര്‍ മാര്‍ക്കറ്റ് സംബന്ധിച്ച് ക്ലാസെടുക്കുകയും ചെയ്തിരുന്നു. ഐ.ബി.പി.ഐ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി ബിജുകുമാര്‍ അടക്കുള്ള പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇടയിലക്കാട് സ്വദേശി പല തവണകളിലായി 20,13,000 രൂപ അയപ്പിക്കുകയായിരുന്നു. ബിജുകുമാറിന്റെ അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപയാണ് എത്തിയത്.

ബിജുകുമാറിന്റെ ഉടമസ്ഥതയിലുള്ള ബി.ജി മേനോന്‍ ആന്‍ഡ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ആലപ്പുഴ എച്ച്. ഡി.എഫ്.സി ബാങ്കിലുള്ള അക്കൗണ്ടിലേക്കാണ് 3 ലക്ഷം രൂപ എത്തിയത്. അമ്പലപ്പുഴയില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കാസര്‍കോട് സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബിജു കുമാറിനെ കോടതി റിമാണ്ട് ചെയ്തു.

ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ എ.എസ്.ഐ രഞ്ജിത് കുമാര്‍, പ്രശാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിലീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles
Next Story
Share it