എല്‍പിജി ടാങ്കര്‍ അപകടം; ദുരന്തം ഒഴിവാക്കാന്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ അഭിനന്ദിച്ച് ജില്ലാ ഭരണകൂടം

ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും ഫയര്‍ഫോഴ്സും എച്ച്.പി.സി.എല്‍ വിഭാഗവും നാട്ടുകാരും ഒരുമിച്ച് നടത്തിയ പ്രവര്‍ത്തനത്തിന്റെ വിജയമാണിതെന്നും കലക്ടര്‍

കാസര്‍കോട് : കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയില്‍ കഴിഞ്ഞദിവസം എല്‍പിജി ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ വന്‍ ദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായും ജാഗ്രതയോടെയും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് ജില്ലാ ഭരണകൂടം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞത്. വിവരം അറിഞ്ഞത് മുതല്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനത്തില്‍ ഫലപ്രദമായി ഇടപെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി 11:30 ന് ആണ് പാചകവാതകം മാറ്റുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായത്.

മണിക്കൂറുകളോളം രാപ്പകല്‍ ഭേദമില്ലാതെ മികച്ച ഏകോപനത്തോടെ നടത്തിയ പ്രവര്‍ത്തനമാണ് ഇത് സാധ്യമാക്കിയത്. ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും ഫയര്‍ഫോഴ്‌സും എച്ച്.പി.സി.എല്‍ വിഭാഗവും നാട്ടുകാരും ഒരുമിച്ച് നടത്തിയ പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. എല്ലാവര്‍ക്കും കലക്ടര്‍ ഇമ്പശേഖരന്‍ നന്ദി അറിയിച്ചു.

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, നഗരസഭ കൗണ്‍സിലര്‍മാര്‍, എ.ഡി.എം പി.അഖില്‍, ആര്‍.ഡി.ഒ ഇന്‍ ചാര്‍ജ് ബിനു ജോസഫ്, ഹോസ് ദുര്‍ഗ്ഗ് തഹ് സില്‍ദാര്‍ ജി. സുരേഷ് ബാബു, ദുരന്തനിവാരണം ഡെപ്യൂട്ടി തഹസില്‍ദാര്‍ തുളസിരാജ് മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍, ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഫയര്‍ ഓഫീസര്‍ ദിലീഷ്, അപ്ത മിത്ര വളണ്ടിയര്‍മാര്‍, കെ.എസ്.ഇ.ബി, മോട്ടോര്‍ വെഹിക്കിള്‍, ആരോഗ്യം, എച്ച്.പി.സി.എല്‍ ക്യുക് റെസ്പോണ്‍സ് ടീം എന്നിവര്‍ മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിച്ചതിനാലാണ് ലക്ഷ്യം കൈവരിക്കാനായത്. മാധ്യമങ്ങളും മികച്ച പിന്തുണ നല്‍കിയെന്നും കലക്ടര്‍ പറഞ്ഞു.

തളിപ്പറമ്പ് കുപ്പത്തുനിന്നും എത്തിയ ഖലാസികളുടെ സേവനവും കലക്ടര്‍ എടുത്തുപറഞ്ഞു. ടാങ്കര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേ, ലോറിയില്‍ നേരിയ തോതില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മംഗലാപുരത്ത് നിന്നും എച്ച്.പി.സി.എല്‍ പ്രത്യേക സംഘം എത്തിയാണ് ചോര്‍ച്ച മാറ്റിയത്.

റവന്യൂ വകുപ്പും നഗരസഭയും ചേര്‍ന്ന് രണ്ട് ക്യാമ്പുകള്‍ തുറന്നു. സംഭവ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീട്ടുകാരെ മുത്തപ്പന്‍ കാവ് ഓഡിറ്റോറിയം, ആറങ്ങാടി ജി.എല്‍.പി.എസ് എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചിലര്‍ ബന്ധുവീടുകളിലേക്ക് മാറി. പ്രദേശത്തെ കട കമ്പോളങ്ങള്‍ അടക്കുകയും കെ.എസ്.ഇ.ബി വൈദ്യുതി വിതരണം നിര്‍ത്തിവെക്കുകയും ചെയ്തു. ഇത്തരത്തില്‍ ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നിരവഹിച്ചത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത് എന്നും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ കലക്ടര്‍ പറഞ്ഞു.


Related Articles
Next Story
Share it