സംശയാസ്പദമായി കണ്ട വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ തടഞ്ഞു; പൊലീസ് മുന്‍കരുതലായി അറസ്റ്റ് ചെയ്തു

കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജിലെ വിദ്യാര്‍ഥികളായ നാലുപേരാണ് അറസ്റ്റിലായത്

ബദിയഡുക്ക: വീട്ടുപരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ട കോളജ് വിദ്യാര്‍ഥികളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി വിദ്യാര്‍ഥികളെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ ബേള ചുക്കിനടുക്കയിലെ വീട്ടുപരിസരത്താണ് ഇവരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ കുമ്പള ഐ.എച്ച്. ആര്‍.ഡി കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദയ എന്ന വിദ്യാര്‍ഥിയുമായുണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ എത്തിയതാണെന്നായിരുന്നു നാലുപേരുടേയും മറുപടി.

എന്നാല്‍ നാട്ടുകാര്‍ ഇത് വിശ്വസിച്ചില്ല. ഉടന്‍ തന്നെ ബദിയഡുക്ക പൊലീസില്‍ വിവരം നല്‍കി. പൊലീസ് എത്തി വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതോടെ നാലുപേരേയും പൊലീസ് മുന്‍കരുതലായി അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നീര്‍ച്ചാല്‍ തലപ്പനാജയിലെ ടി ദയ(19), നെക്രാജെ ബാലടുക്കയിലെ അനുരാധ(21), ഷിറിബാഗിലു നാഷണല്‍ നഗറിലെ അനുരാഗ്(22), മുട്ടത്തോടി തെക്കേമൂലയിലെ മധുരാജ്(25) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

Related Articles
Next Story
Share it