തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : പോസ്റ്റല്‍ ബാലറ്റ് വിതരണം 26 ന് തുടങ്ങും; അപേക്ഷിക്കേണ്ട വിധം അറിയാം
ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്

കാസര്‍കോട്: അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 മുതല്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ എര്‍പ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിര്‍വചിച്ചും അതിലേക്ക് നിയോഗിച്ചും കൊണ്ട് ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പൊലീസ് മേധാവികള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ അവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലും, സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ നല്‍കേണ്ടതാണെന്ന് കമ്മീഷന്‍ എല്ലാ വരണാധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്.
പോളിംഗ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പോസ്റ്റല്‍ ബാലറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍
1. പോളിംഗ് സ്റ്റേഷനില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍
2. പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും
3. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെയും ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍
4. വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍
5. ഒബ്സര്‍വര്‍മാര്‍
6. സെക്ടറല്‍ ഓഫീസര്‍മാര്‍
7. ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍
8. തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളില്‍ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നവിധം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടര്‍മാര്‍ പോസ്റ്റല്‍ ബാലറ്റിനായി ഫോറം 15 ല്‍ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കണം. അപേക്ഷ ഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും.
അപേക്ഷ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് 7 ദിവസം മുന്‍പോ, അല്ലെങ്കില്‍ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുന്‍പോ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നല്‍കുകയോ ചെയ്യാം. നേരിട്ട് നല്‍കുമ്പോള്‍ അപേക്ഷകന്‍ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകള്‍ നല്‍കണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നല്‍കിയാല്‍ മതി. എല്ലാ തലത്തിലെയും പോസ്റ്റല്‍ ബാലറ്റിനായി മൂന്ന് വരണാധികാരികള്‍ക്കുമുള്ള ഫോറം 15 ലെ 3 അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നല്‍കിയാലും മതി.
ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകള്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍, ഫോറം 16 ലെ സത്യപ്രസ്താവന (3 വീതം), ഫോറം 17 ലെ സമ്മതിദായകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ (1 വീതം), ഫോറം 18 ലെ ചെറിയ കവറുകള്‍ (3 വീതം), ഫോറം 19 ലെ വലിയ കവറുകള്‍ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നല്‍കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഇവയെല്ലാം ഒന്നു വീതമാണ് നല്‍കുക. നേരിട്ട് കൈമാറുകയാണെങ്കില്‍ അപേക്ഷകന്‍ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.

