തദ്ദേശ തിരഞ്ഞെടുപ്പ് : പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 25 ന് തുടങ്ങും; ഹാജരാകാതിരുന്നാല്‍ അച്ചടക്കനടപടി
പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങള്‍, മറ്റു നടപടികള്‍ എന്നിവയുടെ വിശദമായ ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച പ്രായോഗിക പരിശീലനവും ഉണ്ടാകും

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം നവംബര്‍ 25 മുതല്‍ 28 വരെ ജില്ലകളില്‍ നടക്കും. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥര്‍ ഉത്തരവില്‍ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിത കേന്ദ്രങ്ങളില്‍ പരിശീലനത്തിന് ഹാജരാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
പരിശീലനത്തിന് ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ഉള്ള കര്‍ശനമായ അച്ചടക്കനടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിദഗ്ധ പരിശീലനം ലഭിച്ച പരിശീലകരാണ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസുകള്‍ എടുക്കുന്നത്. പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങള്‍, മറ്റു നടപടികള്‍ എന്നിവയുടെ വിശദമായ ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച പ്രായോഗിക പരിശീലനവും ഉണ്ടാകും.

