തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ നാമനിര്‍ദ്ദേശപത്രികള്‍ സമര്‍പ്പിച്ചു തുടങ്ങി; തിങ്കളാഴ്ച ലഭിച്ചത് 10 പത്രികകള്‍

മീഞ്ച ഗ്രാമ പഞ്ചായത്തില്‍ 4 നാമനിര്‍ദ്ദേശപത്രികളും പൈവളിഗെയില്‍ 2 ഉം, ഉദുമ, ഈസ്റ്റ് എളേരി, എന്‍മകജെ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളില്‍ 1 വീതവുമാണ്‌ സമര്‍പ്പിച്ചത്

കാസര്‍കോട്: ജില്ലയില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രികള്‍ സമര്‍പ്പിച്ചു തുടങ്ങി. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മീഞ്ച ഗ്രാമ പഞ്ചായത്തില്‍ നാല് നാമനിര്‍ദ്ദേശപത്രികളും പൈവളിഗെയില്‍ രണ്ടും, ഉദുമ, ഈസ്റ്റ് എളേരി, എന്‍മകജെ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളില്‍ ഒന്നു വീതവും നാമനിര്‍ദ്ദേശപത്രികകളാണ് സമര്‍പ്പിച്ചത്. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് മൂന്ന് മണിക്കും ഇടയിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.

ഈ മാസം 21 ന് ആണ് നാമനിര്‍ദ്ദേശപത്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 22ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. നവംബര്‍ 24 നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. പഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനുകളിലും മത്സരിക്കുന്നവര്‍ 5,000 രൂപയും കെട്ടിവെക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പകുതി പൈസ കെട്ടിവെച്ചാല്‍ മതിയാകും.

വരണാധികാരിയുടെയോ കമ്മീഷന്‍ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി സ്ഥാനാര്‍ഥികള്‍ ഒപ്പിട്ട് നല്‍കേണ്ടതാണ്. വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പ്രവേശിക്കാം. സ്ഥാനാര്‍ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍ മാത്രമേ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ അനുവദിക്കുകയുള്ളൂ.

Related Articles
Next Story
Share it