പുല്ലൂര്‍ കൊടവലത്ത് കുളത്തില്‍ വീണ പുലിയെ നിരീക്ഷണത്തിനായി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ പാര്‍പ്പിച്ചു

കുളത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ദേഹത്ത് നേരിയ പരിക്കേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് പരിശോധിക്കാന്‍ കൂടിയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്

കാഞ്ഞങ്ങാട്: പുല്ലൂര്‍ കൊടവലത്ത് റബ്ബര്‍ തോട്ടത്തിലെ കുളത്തില്‍ വീണ പുലിയെ നിരീക്ഷണത്തിനായി ചെമ്മട്ടംവയലിലുള്ള കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ പാര്‍പ്പിച്ചു. ഓഫീസിന് പിറകുവശത്തെ കെട്ടിടത്തിന് സമീപമാണ് പാര്‍പ്പിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ വനപാലകരാണ് കുളത്തില്‍ കൂട് ഇറക്കിയശേഷം പുലിയെ പുറത്തെടുത്തത്. കുളത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ദേഹത്ത് നേരിയ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് പരിശോധിക്കുക കൂടിയാണ് ലക്ഷ്യം.

വനംവകുപ്പിന്റെ വടക്കന്‍ മേഖലയുടെ ചുമതലയുള്ള സര്‍ജന്‍ ഡോ. ഇല്യാസ് കാഞ്ഞങ്ങാട്ടെത്തി പുലിയെ പരിശോധിച്ചു. ഒന്നില്‍ കൂടുതല്‍ ദിവസം നിരീക്ഷണത്തിലായിരിക്കുമെന്ന് ഇല്യാസ് പറഞ്ഞു. ഡോ. ഇല്യാസിന്റെ മേല്‍നോട്ടത്തിലാണ് നിരീക്ഷണം. രാവിലെ മുതല്‍ ഭക്ഷണം കൊടുത്തു തുടങ്ങി. ഒരു വയസുള്ള പെണ്‍പുലിയാണ് കുളത്തില്‍ വീണത്. പുലി അക്രമ സൂചനകള്‍ കാണിക്കുന്നതിനാല്‍ പുലിയെ സൂക്ഷിച്ച കൂട് മറച്ചുവെച്ച നിലയിലാണുള്ളത്. കൂടിന്റെ കമ്പി തകര്‍ക്കാനുള്ള ശ്രമത്തിനിടെ പല്ലിന് തകരാറു പറ്റാന്‍ സാധ്യതയുള്ളതിനാലുമാണ് കൂട് മറച്ചുവച്ചത്. പുലിയെ കാണുന്നതില്‍ നിന്നും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കൊടവലം നീരളംകൈയിലെ മധുവിന്റെ തോട്ടത്തിലുള്ള കുളത്തില്‍ ഞായറാഴ്ച വൈകിട്ട് 4.30മണിയോടെയാണ് പുലിയെ കണ്ടെത്തിയത്. മധുവിന്റെ അമ്മ ഇച്ചിരയും ഭാര്യ വിജയയും ആണ് ആദ്യം പുലിയെ കണ്ടത്. ഇവര്‍ വീട്ടാവശ്യത്തിനുള്ള വെള്ളത്തിനായി മോട്ടോര്‍ സ്റ്റാര്‍ട്ടാക്കാന്‍ കവുങ്ങിന്‍ തോട്ടത്തില്‍ പോയതായിരുന്നു. എന്നാല്‍ മോട്ടോര്‍ ഓണ്‍ ചെയ്തിട്ടും വെള്ളം വരാതിരുന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് പൈപ്പില്‍ പിടിച്ചു നില്‍ക്കുന്ന നിലയില്‍ പുലിയെ കണ്ടത്. പൈപ്പ് മാന്തിക്കീറിയതിനെ തുടര്‍ന്ന് ചോര്‍ച്ചയുണ്ടായതാണ് വെള്ളം വരാതിരിക്കാന്‍ കാരണമായത്.

ഇച്ചിരമ്മയും വിജയയും നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരെത്തിയപ്പോള്‍ പുലി കുളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടു. നാട്ടുകാര്‍ മരത്തടി ഇട്ടുകൊടുത്തതോടെ പുലി അതില്‍ പിടിച്ചതിനാല്‍ താഴ്ന്നില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ എത്തി കുളത്തില്‍ കയര്‍ കെട്ടി താഴ്ത്തിയ കുട്ടയില്‍ പുലി കയറിയിരുന്നു. പിന്നീട് കൂട് എത്തിച്ച് കുളത്തില്‍ താഴ്ത്തുകയും പുലി അതില്‍ കയറുകയും ചെയ്തതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായത്.

പുലി കുടുങ്ങിയ കൂട് വടം ഉപയോഗിച്ച് കുളത്തില്‍ നിന്ന് പുറത്തെത്തിച്ച ശേഷം വനംവകുപ്പിന്റെ വാഹനത്തില്‍ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച്് ഓഫീസിലേക്ക് മാറ്റി. ഡി.എഫ്.ഒ ജോസ് മാത്യു, കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ രാഹുല്‍, ഡെപ്യൂട്ടി റെഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍, സെക്ഷന്‍ ഓഫീസര്‍മാരായ എം. പി രാജു, പി. പ്രവീണ്‍ കുമാര്‍, കെ. രാജു, ആര്‍ ബാബു, ഒ.സുരേന്ദ്രന്‍ തുടങ്ങിവരുടെ നേതൃത്വത്തിലാണ് പുലിയെ പിടികൂടിയത്.

വിശദമായ പരിശോധനക്ക് ശേഷം പുലിയെ കാട്ടില്‍ വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ചികില്‍സ ലഭ്യമാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. അമ്പലത്തറ എസ്.ഐ എ.പി കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും വനംവകുപ്പ് അധികൃതരെ രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ചു. പുലി കുളത്തില്‍ വീണ വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്ത് നിന്നും ആളുകള്‍ ഒഴുകിയെത്തിയിരുന്നു. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. പിന്നീട് വാഹനത്തില്‍ നിന്ന് അനൗണ്‍സ് ചെയ്താണ് ആളുകളെ മാറ്റിയത്.

Related Articles
Next Story
Share it