ബന്തടുക്ക മാണിമൂലയില്‍ വീണ്ടും പുലി സാന്നിധ്യം; വളര്‍ത്തുനായക്ക് കടിയേറ്റു

തലപ്പള്ളത്തെ കെ.ടി സുകുമാരന്റെ വളര്‍ത്തുനായക്കാണ് കടിയേറ്റത്.

ബന്തടുക്ക: മാണിമൂല വനാതിര്‍ത്തിയില്‍ വീണ്ടും പുലി സാന്നിധ്യം. മാണിമൂല തലപ്പള്ളത്ത് വളര്‍ത്തുനായയെ പുലിയെന്ന് സംശയിക്കപ്പെടുന്ന ജീവി കടിച്ച് പരിക്കേല്‍പ്പിച്ചു. തലപ്പള്ളത്തെ കെ.ടി സുകുമാരന്റെ വളര്‍ത്തുനായക്കാണ് കടിയേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ നായയുടെ നിര്‍ത്താതെയുള്ള കുരയും കരച്ചിലും കേട്ടതിനാല്‍ വീട്ടുകാര്‍ വിളക്ക് തെളിച്ച് പുറത്തിറങ്ങി നോക്കിയപ്പോള്‍ ഏതോ ജീവി ഓടിപ്പോകുന്നത് കണ്ടു. പുലിയോട് സാദൃശ്യമുള്ള ജീവിയാണെന്ന് വീട്ടുകാര്‍ പറയുന്നു.

ഇരുട്ടായതിനാല്‍ കൂടുതല്‍ വ്യക്തത വന്നില്ല. നായയുടെ കഴുത്തില്‍ ആഴത്തില്‍ പല്ല് പതിഞ്ഞതിന്റെ പാടുണ്ട്. ശനിയാഴ്ച രാവിലെ തടിച്ചലുമ്പരയില്‍ ചെളിയില്‍ കാല്‍പ്പാടുകളും മാവിന്റെ തൊലി മാന്തിപ്പൊളിച്ചതില്‍ നഖത്തിന്റെ പാടുകളും ചുവട്ടില്‍ രോമങ്ങളും നാട്ടുകാര്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. മാണിമൂല തലപ്പള്ളത്ത് വളര്‍ത്തുനായയെ കടിച്ചതും പുലിയാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Share it