രാവണീശ്വരത്ത് പുലിയിറങ്ങി; വീട്ടുമുറ്റത്ത് കെട്ടിയിട്ട നായയെ കടിച്ചുകൊന്ന നിലയില്‍

തണ്ണോട്ട് പുല്ലാഞ്ഞിക്കുഴിയിലെ കുരിക്കള്‍ വീട്ടില്‍ ഗൗരിയമ്മയുടെ വീട്ടിലെ വളര്‍ത്തു നായയെയാണ് കടിച്ചുകൊന്ന നിലയില്‍ കണ്ടത്

കാഞ്ഞങ്ങാട്: രാവണീശ്വരം തണ്ണോട്ട് വീട്ടുമുറ്റത്ത് കെട്ടിയിട്ട നായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. പുലി കടിച്ചു കൊന്നതാണോ എന്നാണ് സംശയിക്കുന്നത്. കേന്ദ്ര സര്‍വകലാശാല അതിര്‍ത്തിയായ തണ്ണോട്ട് പുല്ലാഞ്ഞിക്കുഴിയിലെ കുരിക്കള്‍ വീട്ടില്‍ ഗൗരിയമ്മയുടെ വീട്ടിലെ വളര്‍ത്തു നായയെയാണ് കടിച്ചുകൊന്ന നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

അതേസമയം പ്രദേശത്ത് നേരത്തെ പുലി സാന്നിധ്യമുണ്ടായിരുന്നു. പെരിയ പുക്കളം, കേന്ദ്ര സര്‍വകലാശാല പരിസരം എന്നിവിടങ്ങളില്‍ ആഴ്ചകള്‍ക്ക് മുമ്പ് പുലിയെ കണ്ടിരുന്നു. ഈയൊരു സാഹചര്യത്തില്‍ വീണ്ടും പുലി ഇറങ്ങിയതാണെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. വിവരം വനപാലകരെ അറിയിച്ചിട്ടുണ്ട്.

അതിനിടെ പാണത്തൂര്‍ കല്ലപ്പള്ളിയിലും പുലി ഇറങ്ങിയതായി സംശയിക്കുന്നു. കല്ലപ്പള്ളി ദൊഡ്ഡമനയിലെ ബാബുവിന്റെ വളര്‍ത്തുനായയെ പുലി കൊണ്ടുപോയതായും സംശയിക്കുന്നുണ്ട്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെത്തി. വിവരമറിഞ്ഞ് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സേസപ്പയുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. പ്രദേശത്ത് നേരത്തെയും പുലി നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. ഇതോടെ ജനങ്ങള്‍ ഭയപ്പാടിലാണ്.

Related Articles
Next Story
Share it