മുളിയാറില്‍ പുലി സാന്നിധ്യം? വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയതായി വീട്ടുകാര്‍
മുളിയാര്‍ പഞ്ചായത്തിലെ ഓലത്തു കയയില്‍ ഗോപാലന്‍ നായരുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെ ആണ് പുലി കൊണ്ടുപോയത്

മുളിയാര്‍: വീട്ടുമുറ്റത്തെ കൂട് പൊളിച്ച് വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോയി. മുളിയാര്‍ പഞ്ചായത്തിലെ ഓലത്തു കയയില്‍ ഗോപാലന്‍ നായരുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെ ആണ് ബുധനാഴ്ച പുലര്‍ച്ചെ പുലി കൊണ്ടുപോയത്. കാറഡുക്ക സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള സ്ഥലത്താണ് ഗോപാലന്‍ നായരും കുടുംബവും താമസിക്കുന്നത്. നേരത്തെ ഈ ഭാഗത്ത് പുലി സാന്നിധ്യം ഉണ്ടായിരുന്നതിനാല്‍ നല്ല ബന്തവസ്സുള്ള കൂട്ടിലാണ് നായയെ കെട്ടിയിട്ടിരുന്നത്.
ഈ കൂട് പൊളിച്ച് നായയെ കൊണ്ടുപോയതിനാല്‍ അസാമാന്യ വലുപ്പമുള്ള പുലിയാണ് ഇവിടെ വന്നതെന്ന് സംശയിക്കുന്നു. സംരക്ഷിത വനമേഖലയ്ക്കടുത്ത് ഗോപാലന്‍ നായരുടേതടക്കം മൂന്ന് വീടുകളാണുള്ളത്. നായയെ പുലി കൊണ്ടുപോയതോടെ ഈ കുടുംബങ്ങള്‍ ആശങ്കയിലാണ്. സമീപ പ്രദേശങ്ങളിലും മുമ്പ് പുലി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി തെരുവ് നായ്ക്കളേയും വളര്‍ത്തുനായ്ക്കളേയുമാണ് പുലി കൊന്ന് ഭക്ഷിച്ചത്.