കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

അണങ്കൂര്‍ ചാല റോഡിലെ ഷെരീഫിനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്

കുണ്ടംകുഴി: പ്രമാദമായ കുണ്ടംകുഴി സുമംഗലി ജ്വല്ലറി കവര്‍ച്ചാ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. അണങ്കൂര്‍ ചാല റോഡിലെ ഷെരീഫിനെ(43)യാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളോളമായി ഒളിവിലായിരുന്ന പ്രതിയെ ബേഡകം ഇന്‍സ്പെക്ടര്‍ ദാമോദരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ് താരംതട്ട , സിവില്‍ പൊലീസ് ഓഫീസര്‍ കെ.കെ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

പ്രതിയെ കോടതി റിമാണ്ട് ചെയ്തു. 2016 ഒക്ടോബര്‍ 4നാണ് കുണ്ടംകുഴി ടൗണിലെ സുമംഗലി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന് നാല് കിലോ വെള്ളിയും 60 പവന്‍ സ്വര്‍ണ്ണവും കവര്‍ച്ച ചെയ്യുകയായിരുന്നു. ജ്വല്ലറിയുടെ ഗ്ലാസ് പാളികള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. അന്നത്തെ ആദൂര്‍ സി.ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസില്‍ അന്വേഷണം നടത്തിയിരുന്നത്.

Related Articles
Next Story
Share it