കുമ്പളയില്‍ നവജാത ശിശുവിനെ കൈമാറിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം; കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു
ആരോഗ്യ പ്രവര്‍ത്തക കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു മാതാവ് ആദ്യം മൊഴി നല്‍കിയത്

കുമ്പള : കുമ്പളയില്‍ ആറുമാസം പ്രായമായ ആണ്‍കുഞ്ഞിനെ കൈമാറിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആറുമാസം മുമ്പ് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രസവിച്ച യുവതിയുടെ വീട്ടില്‍ ആരോഗ്യ പ്രവര്‍ത്തക എത്തിയപ്പോള്‍ കുഞ്ഞിനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൈമാറിയതായി വ്യക്തമായത്. അന്വേഷണത്തിനൊടുവില്‍ നീര്‍ച്ചാലിലെ മറ്റൊരു വീട്ടില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു.
ആരോഗ്യ പ്രവര്‍ത്തക കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു മാതാവ് ആദ്യം മൊഴി നല്‍കിയത്. സംശയം തോന്നിയ ആരോഗ്യ പ്രവര്‍ത്തക കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അന്വേഷിച്ചപ്പോള്‍ യുവതിയും കുടുംബവും താമസം മാറിയതായി വ്യക്തമായി. ദിവസങ്ങള്‍ക്ക് മുമ്പ് യുവതി വീണ്ടും നീര്‍ച്ചാലിലെ വീട്ടിലെത്തി. ഈ വിവരം അറിയാനിടയായ ആരോഗ്യപ്രവര്‍ത്തക ഇവിടെയെത്തി യുവതിയോട് കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്.
കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചതോടെ ഒരാളോട് പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നുവെന്നും ആ കുടുംബത്തിന് കുഞ്ഞിനെ വിറ്റുവെന്നുമായിരുന്നു പറഞ്ഞത്. പിന്നീട് ഇത് മാറ്റിപ്പറയുകയും ചെയ്തു. ഇതോടെ ആരോഗ്യ പ്രവര്‍ത്തക ബന്ധപ്പെട്ടവര്‍ക്ക് വിവരം കൈമാറി. കുമ്പള പഞ്ചായത്ത് അധികൃതരും സാമൂഹികാരോഗ്യകേന്ദ്രം അധികൃതരും ചേര്‍ന്ന് പൊലീസിലും ശിശുക്ഷേമ സമിതിയിലും വിവരം നല്‍കി. അവര്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ നീര്‍ച്ചാലിലെ സ്ത്രീക്കൊപ്പം കണ്ടെത്തിയത്.
കുഞ്ഞിനെ പണത്തിനായി വില്‍പ്പന നടത്തിയതല്ലെന്നും പോറ്റാന്‍ തന്നെ ഏല്‍പ്പിച്ചതാണെന്നുമാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. ആദ്യ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യയും മക്കളുമുള്ള ഒരാളെ വിവാഹം ചെയ്തതായും യുവതി പറഞ്ഞു. ഈ ബന്ധത്തിലുണ്ടായ കഞ്ഞിനെയാണ് മറ്റൊരു കുടുംബത്തിന് കൈമാറിയത്. കുട്ടിയുടെ പിതാവ് ബംഗളൂരുവിലാണ്. ഇയാളെ ബന്ധപ്പെടാന്‍ പൊലീസ് ശ്രമം നടത്തിവരുന്നുണ്ട്. കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമസമിതി ഏറ്റെടുത്തു.

