ബസ് ഷെല്‍ട്ടറിനെ ചൊല്ലി ലീഗില്‍ പോര് മുറുകി; വിദ്യാര്‍ഥികളടക്കം ബസ് കാത്തുനില്‍ക്കുന്നത് പെരുമഴയത്ത്

ഏട്ട് വര്‍ഷം മുമ്പാണ് സ്ലാബുകള്‍ അടര്‍ന്ന് വീഴുന്നതിനാല്‍ ബസ് സ്റ്റാന്റ് കോംപ്ലക്സ് പൊളിച്ച് മാറ്റിയത്

കുമ്പള: ബസ് ഷെല്‍ട്ടറിനെ ചൊല്ലി കുമ്പള പഞ്ചായത്ത് ഓഫീസില്‍ മുസ്ലിംലീഗ് ഭരണ സമിതിയില്‍ പോര് മുറുകുമ്പോള്‍ വിദ്യാര്‍ത്ഥികളടക്കം ബസ് സ്റ്റാന്റില്‍ ബസ് കാത്തു നില്‍ക്കുന്നത് പെരുമഴയത്ത്. ഏട്ട് വര്‍ഷം മുമ്പാണ് സ്ലാബുകള്‍ അടര്‍ന്ന് വീഴുന്നതിനാല്‍ ബസ് സ്റ്റാന്റ് കോംപ്ലക്സ് പൊളിച്ച് മാറ്റിയത്. ബസ് കാത്ത് നില്‍ക്കാന്‍ ഇടമില്ലെന്ന് പറഞ്ഞ് പല സംഘടനകളും പ്രതിഷേധിച്ചപ്പോള്‍ ബസ് സ്റ്റാന്റിന്റെ ഒരു ഭാഗത്ത് സീറ്റ് പാകി ഒരു ഇരിപ്പിടം നിര്‍മ്മിച്ചു.

എന്നാല്‍ കൂട്ടത്തോടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും ഇതില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്തത് കാരണം നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. അഞ്ച് സ്‌കൂളുകളിലെയും മൂന്ന് സ്വകാര്യ കോളേജുകളിലെയും വിദ്യാര്‍ത്ഥികളും യാത്രക്കാരും പല സ്ഥലങ്ങളില്‍ നിന്നായി ബസ് സ്റ്റാന്റില്‍ എത്തുന്നുണ്ട്. കേരള, കര്‍ണ്ണാടക, ട്രാന്‍സ് പോര്‍ട്ട് ബസുകളും തലപ്പാടി, കാസര്‍കോട്, കളത്തൂര്‍ ഭാഗങ്ങളില്‍ നിന്നെത്തുന്ന ബസുകളും ഇതേ സ്റ്റാന്റില്‍ തന്നെയാണ് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.

മഴ നനയാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ അഭയം തേടുന്നത് വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളിലാണ്. ബദിയടുക്ക റോഡില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വലിയ ആശ്വാസമായിരുന്നു. ഇതിനിടെയാണ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചതില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞ് പ്രതിഷേധമുയരുകയും പഞ്ചായത്ത് ഭരണ സമിതിയില്‍ പോര് രൂക്ഷമായപ്പോള്‍ ഷെല്‍ട്ടറിന്റെ പണി പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തത്. ഇനി എത്ര കാലം മഴ നനയണമെന്നാണ് വിദ്യാര്‍ത്ഥികളും യാത്രക്കാരും ചോദിക്കുന്നത്.

Related Articles
Next Story
Share it