മയക്കുമരുന്നിനെതിരെ കടുത്ത നടപടിയുമായി കുമ്പള എക്‌സൈസ്; 2.772 ഗ്രാം മെത്താംഫിറ്റാമിനുമായി 3 പേര്‍ അറസ്റ്റില്‍
കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡിലെ രാജേഷ് ലോഡ്ജില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി.എം. ശ്രാവണ്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്

കുമ്പള: മയക്കുമരുന്നിനെതിരെ കടത്ത നടപടിയുമായി കുമ്പള എക്‌സൈസ്. ലോഡ്ജിലും സ്‌കൂട്ടറിലുമായി സൂക്ഷിച്ച 2.772 ഗ്രാം മെത്താംഫിറ്റാമിനുമായി മൂന്ന് പേര്‍ അറസ്റ്റില്‍. കുമ്പള നിത്യാനന്ദ മഠത്തിന് സമീപം ഭട്ടൂഞ്ഞി വീട്ടിലെ സി. കേതന്‍, കുമ്പള കുണ്ടങ്കാടുക്ക വെല്‍ഫെയര്‍ സ്‌കൂളിന് സമീപത്തെ അബ്ദുല്‍ നിസാര്‍, കര്‍ണാടക പുത്തൂര്‍ ഗാളിമുഖത്തെ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി ഏഴര മണിയോടെ കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡിലെ രാജേഷ് ലോഡ്ജില്‍ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി.എം. ശ്രാവണ്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പിന്നീട് ലോഡ്ജിന്റെ താഴെ നിര്‍ത്തിയിട്ട പ്രതികളില്‍ ഒരാളുടെ ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രതികളെയും മയക്കുമരുന്നും സ്‌കൂട്ടറും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതേ ലോഡ്ജില്‍ നിന്ന് കുമ്പള എക്‌സൈസ് പല പ്രാവശ്യം മയക്കു മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
മയക്കുമരുന്ന് കടത്തിനെതിരെ കര്‍ശന നടപടിയുമായി എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിട്ടുണ്ട്. അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ. പിതാംബരം, പ്രവിന്റീവ് ഓഫിസര്‍ ഗ്രേഡ് നിധീഷ് വൈക്കത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അഖിലേഷ്, സുര്‍ജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

