ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്ത് കാണപ്പെട്ട മൃതദേഹം ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നൗഫല്‍ ബജലിന്റേത്

മരണം കൊലപാതകമാകാമെന്ന നിഗമനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാസര്‍കോട്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്ത് കാണപ്പെട്ട ആളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കര്‍ണാടകയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി 'തുക്ക നൗഫല്‍' എന്നറിയപ്പെടുന്ന നൗഫല്‍ ബജലിന്റേതാണ് മൃതദേഹമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മംഗളൂരുവിലെ ബജാലിലെ ഫൈസല്‍ നഗറില്‍ താമസിക്കുന്ന നൗഫലിന് ക്രിമിനല്‍ ബന്ധത്തിന്റെ ദീര്‍ഘകാല ചരിത്രമുണ്ടെന്ന് പറഞ്ഞ പൊലീസ് ദക്ഷിണ കന്നഡയിലും അയല്‍ ജില്ലകളിലും ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. നഗരത്തിലെ അധോലോകത്തിലെ കുപ്രസിദ്ധനായ വ്യക്തിയായാണ് ഇയള്‍ അറിയപ്പെട്ടിരുന്നത്. പലപ്പോഴും ഗുണ്ടാസംഘങ്ങളുമായി ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം മൃതദേഹം കാണപ്പെട്ടത്. പാന്റും ബനിയനും മാത്രമായിരുന്നു വേഷം. മൃതദേഹത്തിന്റെ പാന്റിന്റെ പോക്കറ്റിനുള്ളില്‍ സിറിഞ്ചും വാഹനത്തിന്റെ താക്കോലും ഉണ്ടായിരുന്നു. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മരണ കാരണം വ്യക്തമാകും.

നൗഫലിന്റെ മരണം കൊലപാകമാണെന്ന സംശയത്തിലാണ് പൊലീസ്. സംഘര്‍ഷഭരിത പ്രദേശങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന്റെ ലക്ഷ്യം കണ്ടെത്തുന്നതിനും കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

Related Articles
Next Story
Share it