ഒരു കോടി രൂപയ്ക്ക് മുകളില്‍ മൂലധനമുള്ള സംരംഭങ്ങള്‍; കാസര്‍കോട് സംസ്ഥാനത്ത് രണ്ടാമത്

കാസര്‍കോട്: ഒരു കോടി രൂപയ്ക്ക് മുകളില്‍ മൂലധനമുള്ള സംരംഭങ്ങളുടെ എണ്ണത്തില്‍ കാസര്‍കോട് ജില്ല സംസ്ഥാനത്ത് രണ്ടാമത്. ജില്ലയില്‍ 161 സംരംഭക യൂണിറ്റുകളാണ് ഒരു കോടി രൂപയ്ക്ക് മുകളില്‍ മൂലധനമുള്ള സംരംഭങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ 2025 ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ജില്ലയില്‍ നിന്ന് ഒരു കോടിക്കുമുകളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറായി അഞ്ച് യൂണിറ്റുകള്‍ താല്‍പര്യപത്രം നല്‍കുകയും അതില്‍ ഒരു യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുകയുമാണ്. സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ സ്വകാര്യ വ്യവസായ പാര്‍ക്ക് വഴി ജില്ലയില്‍ ഇതുവരെ ഏഴ് ഓളം അപേക്ഷകളില്‍ നിന്നായി മൂന്ന് എണ്ണത്തിന് അനുമതി ലഭിച്ചു കഴിഞ്ഞു.
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചീമേനി ഐ.ടി പാര്‍ക്കിനായി അനുവദിച്ച 100 ഏക്കര്‍ ഭൂമിയില്‍ ജ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള സങ്കേതിക തടസ്സങ്ങള്‍ മാറി. വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കെ.എസ്.ഐ.ഡി.സിയുടെ ഭാഗമായി വ്യവസായ പാര്‍ക്ക് ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.2022 -23 വര്‍ഷത്തില്‍ ആരംഭിച്ച സംരംഭക വര്‍ഷം പരിപാടിയിലൂടെ ജില്ലയില്‍ 15000 ല്‍ അധികം പുതിയ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 35 % ഓളം വനിതകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും പ്രകൃതി വിഭവങ്ങളുടെലഭ്യതയും വെച്ച് ഭക്ഷ്യ കാര്‍ഷിക അധിഷ്ഠിത സംരംഭകളാണ് കുടുതലായുള്ളത്.സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിലായി നിലവിലുള്ള 15000 ഓളം സംരംഭങ്ങളില്‍ ഭൂരിഭാഗവും സൂക്ഷ്മ സംരംഭങ്ങളാണ്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തു.