മുഖച്ഛായ മാറി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍: നവീകരണം അന്തിമ ഘട്ടത്തില്‍

കാസര്‍കോട്: അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. 24.53 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷന്റെ മുഖച്ചായ മാറ്റുന്നത്. നിലവില്‍ പ്ലാറ്റ്‌ഫോം നവീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒന്നാം പ്ലാറ്റ്‌ഫോമില്‍ കെട്ടിടം പ്രവര്‍ത്തിച്ചുതുടങ്ങി. പ്രവേശന കവാടം, പാര്‍ക്കിംഗ് ഏരിയ, വിശ്രമ മുറി, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം ശുചിമുറികളും എ.സി വിശ്രമ കേന്ദ്രങ്ങലും, പുതിയ ടിക്കറ്റ് കൗണ്ടറുകള്‍, ഇരുഭാഗങ്ങളിലും എസ്‌കലേറ്ററുകള്‍, ക്ലോക്ക് റൂം, പ്ലാറ്റ്‌ഫോം നവീകരണം, എല്‍.ഇ.ഡി നെയിം ബോര്‍ഡുകള്‍, പരസ്യബോര്‍ഡുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍. പ്രീ-പെയ്ഡ് ഓട്ടോ കൗണ്ടര്‍, ഓട്ടോറിക്ഷ പാര്‍ക്കിംഗ്, ഭക്ഷണശാല എന്നിവയാണ് നവീകരണ പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ പ്ലാറ്റ്‌ഫോമിലെ എസ്‌കലേറ്ററുകളുടെ പ്രവൃത്തിയാണ് ആരംഭിക്കാനുള്ളത്. സ്‌റ്റേഷന്‍ മാസ്റ്ററുടെ മുറികള്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നേരത്തെ ടിക്കറ്റ് കൗണ്ടറായി പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം ശീതികരിച്ച വിശ്രമമുറിയാക്കി മാറ്റി. ഒന്നാം പ്ലാറ്റ്‌ഫോമിന്റെ പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തിയതോടെ രണ്ടാം പ്ലാറ്റ്‌ഫോമിലും പ്രവൃത്തികള്‍ തുടങ്ങിക്കഴിഞ്ഞു.
2023 ഓഗസ്റ്റ് ഏഴിനാണ് പദ്ധതി ഉദ്ഘാടനം ചെയ്ത്. ആദ്യഘട്ടം ആറ് മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയായിരുന്നു. രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും പ്രവൃത്തികള്‍ നൂറ് ശതമാനം പൂര്‍ത്തിയായിട്ടില്ല. നിലവില്‍ സജ്ജീകരിച്ച പാര്‍ക്കിംഗ് ഏരിയ അപര്യാപ്തമാണെന്നും ഉയര്‍ന്ന് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നുവെന്നുമാണ് ഉയരുന്ന പരാതി. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷന് പുറത്തുള്ള റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളാണ് ഏറെ ദാരിതം നേരിടുന്നത്. നേരത്തെ അനധികൃത പാര്‍ക്കിംഗ് ചൂണ്ടിക്കാട്ടി പൊലീസ് പിഴ ഈടാക്കിയിരുന്നുവെങ്കിലും പിന്നീട് നിലക്കുകയായിരുന്നു.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള റോഡിന്റെ നവീകരണവും സമാന്തരമായി നടക്കുന്നുണ്ട്. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണപ്രവൃത്തി പുരോഗമിക്കുന്നത്.