'കാസര്‍കോട്ടുകാരിക്ക് ഓസ്‌ട്രേലിയയില്‍ തിളക്കം: നിഷ അമാനുള്ളക്ക് ദേശീയ അംഗീകാരം'

നേടിയത് ഓസ്ട്രേലിയയുടെ ദേശീയ തലത്തിലുള്ള വുമണ്‍ ഇന്‍ ഡിജിറ്റല്‍ അവാര്‍ഡ് 2025-ല്‍ ഒന്നാം സ്ഥാനം

ബ്രിസ് ബെയ്ന്‍: ഓസ്‌ട്രേലിയന്‍ ബ്രോഡ് കാസ്റ്റിംഗ് കോര്‍പറേഷനിലെ (ABC) എഞ്ചിനീയറിംഗ് മാനേജരായ നിഷ അമാനുള്ളക്ക് ഓസ്ട്രേലിയയുടെ ദേശീയ തലത്തിലുള്ള വുമണ്‍ ഇന്‍ ഡിജിറ്റല്‍ അവാര്‍ഡ് 2025-ല്‍ ഒന്നാം സ്ഥാനം. ആ രാജ്യത്തെ ഡിജിറ്റല്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വനിതകളെ കണ്ടെത്തി ആദരിക്കുന്ന ഈ പുരസ്‌കാരം ബ്രിസ് ബെയ് നില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ നിഷ ഏറ്റുവാങ്ങി.

നിലവില്‍ എറണാകുളം കളമശ്ശേരിയില്‍ സ്ഥിരതാമസമാക്കിയ, ഫാക്ടറീസ് & ബോയ്ലേഴ്‌സ് മുന്‍ സംസ്ഥാന ഡയറക്ടര്‍ അമാനുള്ളയുടെയും സാമൂഹ്യ പ്രവര്‍ത്തക സീനത്ത് ഭാനുവിന്റെയും മകളാണ് ഈ ടെക്കി. കാസര്‍കോടിന്റെ പൈതൃകം പേറുന്ന കുടുംബാംഗമാണ് നിഷ. പൗര പ്രമുഖനായിരുന്ന മാഹിന്‍ കളനാടിന്റെയും, കേരള നിയമസഭാ സ്പീക്കറായിരുന്ന കെ.എം. സീതി സാഹിബിന്റെ സഹോദരന്‍ ഡോ: കെ.എം. മുഹമ്മദിന്റെയും പേരക്കുട്ടിയാണ്. കൂടാതെ, പൗരമുഖ്യനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന എം.സി. മമ്മി മൊഗ്രാലിന്റെയും, സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന മുഹമ്മദ് ഷെറുലിന്റെയും പേരക്കുട്ടിയുടെ മകള്‍ കൂടിയാണ് നിഷ.

അന്താരാഷ്ട്ര കോര്‍പ്പറേഷനായ WHIZTEC ഗ്രൂപ്പ് ഓഫ് കമ്പനീസ് CEO ആയ ജമാലുദ്ദീന്‍ ഏറാത്ത് ആണ് നിഷയുടെ ഭര്‍ത്താവ്. മക്കളായ നിഷിന്‍ സൗസാബ്, ഇഷാന്‍ സുഐം എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയയിലാണ് ഇവര്‍ താമസിക്കുന്നത്. ഓസ്ട്രേലിയന്‍ ഡിജിറ്റല്‍ രംഗത്ത് മലയാളികള്‍ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ കാസര്‍കോട്ടുകാരി.

Related Articles
Next Story
Share it