കോഴിക്കോട്ട് ട്രെയിനില്‍ നിന്നും തെറിച്ച് വീണ് കാസര്‍കോട് സ്വദേശി മരിച്ചു
ചെമ്മനാട് ലക്ഷം വീട് ഉന്നതിയിലെ അബ്ദുല്ല ആണ് മരിച്ചത്

കാസര്‍കോട്: കോഴിക്കോട്ട് ട്രെയിനില്‍ നിന്നും തെറിച്ച് വീണ് കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് ചെമ്മനാട് ലക്ഷം വീട് ഉന്നതിയിലെ അബ്ദുല്ല(82) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് അപകടം. അബ്ദുല്ല ചെന്നൈ- മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ് പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ കല്ലായി റെയില്‍വെ സ്റ്റേഷനിലെത്തി വേഗത കുറച്ച് പോകുമ്പോള്‍ ട്രെയിനിന്റെ വാതില്‍ ഭാഗത്ത് എത്തിയ അബ്ദുല്ല തെറിച്ച് വീഴുകയായിരുന്നു.
ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിലൂടെയാണ് അബ്ദുല്ല വീണത്. റെയില്‍വെ സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ബഹളം വച്ചതോടെ ട്രെയിന്‍ നിര്‍ത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ പൊലീസും ആര്‍.പി.എഫും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

