സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ നഗ്‌നചിത്രം ആവശ്യപ്പെട്ടു; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
കാട്ടിപ്പള്ളത്തെ ഷിബിനെ ആണ് കോഴിക്കോട് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

കാസര്‍കോട്: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ നഗ്‌നചിത്രം ആവശ്യപ്പെട്ട കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കാട്ടിപ്പള്ളം നാരായണീയം വീട്ടില്‍ ഷിബിനെ(29) ആണ് കോഴിക്കോട് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബേപ്പൂര്‍ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഷിബിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
വിദ്യാര്‍ത്ഥിനിയുമായി ഫോണില്‍ വിളിച്ചും വാട്സ് ആപ്പ് സന്ദേശത്തിലൂടെയും ബന്ധപ്പെട്ട ഷിബിന്‍ താന്‍ സിനിമാ സംവിധായകനാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും അറിയിച്ചു. ഇതിന്റെ ഭാഗമായി ശാരീരിക യോഗ്യത പരിശോധിക്കാന്‍ നഗ്‌നചിത്രം അയച്ചുതരണമെന്നും പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി ബേപ്പൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ കേസെടുത്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ ഷിബിന്‍ ഒരു സിനിമയും സംവിധാനം ചെയ്യുന്നില്ലെന്നും സംവിധായകന്‍ ചമഞ്ഞ് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം നടത്താനാണ് ഉദ്ദേശിച്ചതെന്നും വ്യക്തമായി. അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

