'ചന്ദ്രഗിരിയില്‍ പുതിയ പാലം വന്നാല്‍ കാസര്‍കോടിന് സമഗ്ര മാറ്റമുണ്ടാകും'-നഗരസഭ ചെയര്‍മാന്‍

കാസര്‍കോട്: തളങ്കരയെയും ചളിയങ്കോടിനെയും ബന്ധിപ്പിച്ച് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പുതിയ പാലം നിര്‍മ്മിച്ചാല്‍ കാസര്‍കോടിന്റെ മത്സ്യബന്ധനം, ടൂറിസം , വ്യവസായ മേഖലകളില്‍ പുത്തന്‍ ഉണര്‍വുണ്ടാകുമെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി അബ്ബാസ് ബീഗം കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് കത്തയച്ചിരുന്നു.
പുതിയ പാലം നിർമ്മിച്ചാൽ കാഞ്ഞങ്ങാട്-കാസര്‍കോട് യാത്ര കൂടുതല്‍ എളുപ്പമാവും. സമയം ലാഭിക്കാനാവും. ഗതാഗത കുരുക്കിന് വലിയ പരിഹാരമാവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലം പണിയണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പരിസരവാസികളുടെ എതിര്‍പ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി. നിര്‍മാണരീതി മാറിക്കഴിഞ്ഞു. ഒറ്റത്തൂണ്‍ പാലം പണിതാല്‍ പഴയപോലെ കൂടുതല്‍ സ്ഥലം നഷ്ടപ്പെടില്ല. അതുകൊണ്ട് തന്നെ എതിര്‍പ്പ് ഉണ്ടാവില്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു.
സംസ്ഥാന പാത കൂടിയായ ചന്ദ്രഗിരിയിലൂടെ നിത്യേന നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടവരും കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട് ഭാഗത്തേക്ക വരുന്നവരും കൂടുതലായി ആശ്രയിക്കുന്നത് ഈ വഴിയാണ് . ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ മണ്ണിടിച്ചിലുണ്ടായാല്‍ ഇതുവഴിയാണ് ഗതാഗതം വഴിതിരിച്ചുവിടുന്നതും. ചട്ടഞ്ചാലില്‍ നിന്ന് മേല്‍പ്പറമ്പ് വഴി ചന്ദ്രഗിരിപ്പാതയിലേക്ക് കടന്നാണ് കാസര്‍കോടേക്ക് വാഹനങ്ങള്‍ സര്‍വീസ് നടത്താറുള്ളത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് എന്നീ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും ചന്ദ്രഗിരിപ്പാതയാണ് തിരഞ്ഞെടുക്കുന്നത്. നിലവിലെ റോഡിന്റെ ശോചനീയാവസ്ഥ കാരണവും വീതി കുറവും കാരണം പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. പുതിയ പാലം നിര്‍മിച്ചാല്‍ ഇതിന് പരിഹാരമാവുമെന്ന് കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു.
പുതിയ പാലം വന്നാല്‍..
ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിര്‍മിച്ചാല്‍ നഗരത്തിലേക്ക് കടക്കാതെ തന്നെ റെയില്‍വേ സ്റ്റേഷനിലേക്കും മറ്റ് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ മാലിക് ദിനാര്‍, മല്ലികാര്‍ജുന ക്ഷേത്രം, മഡോണ പള്ളി എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാനാവും. ട്രെയിനില്‍ സ്റ്റേഷനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും യാത്ര എളുപ്പമാവും. ബേക്കല്‍ കോട്ടയിലേക്കും ചന്ദ്രഗിരിക്കോട്ടയിലേക്കും പെട്ടെന്ന് എത്തിച്ചേരാം.