കാസര്‍കോട് നഗരസഭാ തിര. ചര്‍ച്ചകള്‍ സജീവം; ഷാഹിന മത്സരിച്ചേക്കും; അബ്ബാസും മത്സര രംഗത്തുണ്ടാവും

കാസര്‍കോട്: നഗരസഭകളിലേക്കും ത്രിതല പഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളും നഗരസഭാ-പഞ്ചായത്ത് അധ്യക്ഷരും ആരാവണമെന്നതിനെ കുറിച്ച് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച സജീവമായി. മുസ്ലിംലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് തന്നെ പലരും സജീവമായി രംഗത്ത് ഇറങ്ങുകയും ചെയ്തു.
കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ പദവി അടുത്ത തവണ വനിതാ സംവരണമാണ്. പലരുടെയും പേരുകള്‍ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പറഞ്ഞു കേള്‍ക്കുന്നു. ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വനിതാ ലീഗ് ജില്ലാ സെക്രട്ടറിയുമായ ഷാഹിനാ സലീമിന്റെ പേര് സജീവമായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഷാഹിനയെ കാസര്‍കോട് നഗരസഭയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതാക്കള്‍ കുറച്ച് മാസങ്ങളായി സജീവമായ ആലോചനയിലായിരുന്നു. ഷാഹിനാ സലീമിന്റെ വോട്ട് ചെങ്കള പഞ്ചായത്തിലായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ടേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മുന്‍ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അടക്കമുള്ള ചില പേരുകളും ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അടക്കമുള്ളവര്‍ അടുത്ത തിരഞ്ഞെടുപ്പിലും മത്സരിച്ചേക്കും. സീറ്റ് സംവരണം സംബന്ധിച്ച് ഇനിയും വ്യക്തത പുറത്തുവന്നിട്ടില്ല. പുരുഷ വാര്‍ഡുകള്‍ വനിതാ വാര്‍ഡുകളാവുകയും വനിതാ വാര്‍ഡുകള്‍ പുരുഷ വാര്‍ഡുകളാവുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത്തവണ നറുക്കെടുപ്പിലൂടെയായിരിക്കും സംവരണം സംബന്ധിച്ച തീരുമാനം ഉണ്ടാവുക എന്നാണ് സൂചനയെങ്കിലും ഇക്കാര്യത്തിലെ അവ്യക്ത നീങ്ങിയിട്ടില്ല.
വനിതാ ലീഗ് ജില്ലാ പ്രസിഡണ്ടും ചെര്‍ക്കളം അബ്ദുല്ലയുടെ മകളുമായ സമീറ മുംതാസ് ചെങ്കള പഞ്ചായത്തില്‍ നിന്ന് ജനവിധി തേടിയേക്കും. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കും സമീറയുടെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്.