കാസര്‍കോട് മെഡി. കോളേജിന് എൻ.എം.സി അംഗീകാരം : 50 MBBS സീറ്റിന് അനുമതി

കാസർകോട്: ഉക്കിനടുക്കയിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 50 എംബിബിഎസ് സീറ്റിന് ഇതോടെ അനുമതിയായി. എന്‍.എം.സി. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം നേടിയെടുത്തത്. എത്രയും വേഗം നടപടി ക്രമങ്ങള്‍ പാലിച്ച് ഈ അധ്യായന വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാസര്‍കോട് മെഡിക്കൽ കോളേജിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍ നിന്ന് 160 കോടിയുടെ ഭരണാനുമതിയാണ് നല്‍കിയത്. ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അക്കാദമിക് ബ്ലോക്ക് കെട്ടിടം പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളേജിനുള്ള ജലവിതരണ സംവിധാനത്തിന് 8 കോടി രൂപ അനുവദിച്ചു. ന്യൂറോളജി വിഭാഗം ഉള്‍പ്പെടെയുള്ള സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കി. ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു. 60 സീറ്റുകളോടെ നഴ്‌സിംഗ് കോളേജ് ആരംഭിച്ചു. 29 കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍. 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, പാത്തോളജി, ന്യൂറോളജി, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ഡെര്‍മറ്റോളജി, ഇഎന്‍ടി, റെസ്പിറേറ്ററി മെഡിസിന്‍, ഒഎംഎഫ്എസ്, സൈക്യാട്രി വിഭാഗങ്ങളുടെ ഒപി ആരംഭിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യത്തെ ന്യൂറോളജി, നെഫ്രോളജി ഒപി സ്ഥാപിച്ചു. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍ ലഭ്യമാക്കി. പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ച് പ്രിന്‍സിപ്പല്‍ പോസ്റ്റ് ചെയ്തു. റേഡിയോളജി സേവനങ്ങള്‍ക്ക് എ.ഇ.ആര്‍.ബിയില്‍ നിന്ന് അംഗീകാരം ലഭിച്ചു.

കാസർകോടിനൊപ്പം വയനാട് മെഡിക്കൽ കോളേജിനും എൻ.എം.സി അംഗീകാരം ലഭിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it