കോളേജ് വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നിറക്കിവിട്ടു; കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്

കണ്ടാലറിയുന്ന ബസ് കണ്ടക്ടര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തിട്ടുള്ളത്

ബന്തിയോട് : കോളേജ് വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് ഇറക്കിവിട്ട കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന ബസ് കണ്ടക്ടര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞദിവസം രാവിലെ ബസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനിയോട് കണ്ടക്ടര്‍ ദേഷ്യത്തോടെ മാറി നില്‍ക്കാന്‍ പറഞ്ഞു.

ഇതില്‍ കൂടുതല്‍ എനിക്ക് മാറി നില്‍ക്കാന്‍ പറ്റില്ലെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞപ്പോള്‍ കണ്ടക്ടര്‍ തട്ടിക്കയറുകയും ബന്തിയോട് ജനപ്രിയയില്‍ ബസ് എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തെന്നാണ് പരാതി.

വിദ്യാര്‍ത്ഥിനി ആദ്യം മഞ്ചേശ്വരം പൊലീസിലാണ് പരാതി നല്‍കിയത് . സംഭവം നടന്നത് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ വൈകുന്നേരത്തോടെ കേസ് മഞ്ചേശ്വരം പൊലീസ് കുമ്പള പൊലീസിന് കൈമാറുകയാണുണ്ടായത്. ഉച്ചയോടെ ബസ് കണ്ടക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it