നായാട്ട് സംഘത്തിന്റെ തോക്ക് തട്ടിയെടുത്ത കേസിലെ പ്രതിയും കൂട്ടാളികളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; സംഘം കര്‍ണ്ണാടക പൊലീസിന്റെ പിടിയില്‍
മഞ്ചേശ്വരം പുരുഷകോടിയിലെ റാഷിഖാണ് പിടിയിലായത്

ഹൊസങ്കടി: നായാട്ടു സംഘത്തിന്റെ തോക്ക് തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയും കൂട്ടാളികളും സഞ്ചരിച്ച കാര്‍ മഞ്ചേശ്വരം പൊലീസ് പിന്തുടരുന്നതിനിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് കാട്ടിലേക്ക് ഓടി മറിഞ്ഞ പ്രതിയെ കര്‍ണ്ണാടക പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം പുരുഷകോടിയിലെ റാഷിഖാണ് കര്‍ണ്ണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
ചൊവ്വാഴ്ച കടമ്പാറില്‍ റാഷിഖും സംഘവും കാറില്‍ ചുറ്റി തിരിയുന്നതായി മഞ്ചേശ്വരം പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റാഷിഖും സംഘവും സഞ്ചരിച്ച കാറിനെ പിന്തുടരുകയും കാര്‍ കര്‍ണ്ണാടക മാഞ്ചിയയില്‍ എത്തിയപ്പോള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഇതോടെ റാഷിഖും സംഘവും വനത്തിനകത്തേക്ക് ഓടി മറഞ്ഞു.
കര്‍ണ്ണാടക പൊലീസും മഞ്ചേശ്വരം പൊലീസും നടത്തിയ പരിശോധനയിലാണ് ഇവരെ വനത്തിനകത്ത് ഒളിച്ചിരിക്കുന്നത് കണ്ടത്. റാഷിഖിനെയും സംഘത്തെയും കര്‍ണ്ണാടക പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്ക് കര്‍ണ്ണാടകയില്‍ കവര്‍ച്ചാകേസും മറ്റുമുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷം മഞ്ചേശ്വരം പൊലീസിന് റാഷിഖിനെ കൈമാറും.
നാല് ദിവസം മുമ്പ് വോര്‍ക്കാടി മജീര്‍പളളയില്‍ അര്‍ദ്ധരാത്രിയില്‍ നായാട്ടിനെത്തിയ കുറ്റിക്കോല്‍ സ്വദേശികളായ മൂന്നുപേരെ റാഷിഖും സംഘവും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കില്‍ പൊലീസിലേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് മഞ്ചേശ്വരം പൊലീസ് പ്രതികളെ തന്ത്രപരമായി ഹൊസങ്കടിയില്‍ വെച്ച് പിടികൂടുന്നതിനിടെ റാഷിഖ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.