കാറടുക്ക സഹകരണസംഘം തട്ടിപ്പ് കേസ്; 8ാം പ്രതിയായ ബി.ജെ.പി നേതാവ് കോടതിയില്‍ കീഴടങ്ങി
മുന്‍ ജില്ലാകമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറുമായിരുന്ന അജയകുമാര്‍ നെല്ലിക്കാട്ടാണ് കോടതിയില്‍ കീഴടങ്ങിയത്

കാസര്‍കോട്: കാറടുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണസംഘം തട്ടിപ്പ് കേസില്‍ എട്ടാം പ്രതിയായ ബി.ജെ.പി നേതാവ് കോടതിയില്‍ കീഴടങ്ങി. ബി.ജെ.പി മുന്‍ ജില്ലാകമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറുമായിരുന്ന അജയകുമാര്‍ നെല്ലിക്കാട്ടാണ്കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) അജയകുമാറിനെ കോടതി റിമാണ്ട് ചെയ്തു.
കേസിലെ ഒന്നാംപ്രതിയായ കര്‍മ്മന്തൊടിയിലെ രതീഷ് സഹകരണസംഘത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണം പണയം വെക്കാന്‍ സഹായിച്ചതിന് അജയകുമാര്‍ നെല്ലിക്കാടിനെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രതി ചേര്‍ത്തിരുന്നു. അജയകുമാറിന്റെ സഹോദരന്‍ അനില്‍ കുമാര്‍ നെല്ലിക്കാട്ടിനെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2.66 കിലോ സ്വര്‍ണ്ണമാണ് രതീഷ് സഹകരണ സംഘത്തിന്റെ ലോക്കറില്‍ നിന്ന് കടത്തിയത്. കേരള ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിലും കാനറാ ബാങ്കിന്റെ പെരിയ, പള്ളിക്കര ശാഖകളിലുമാണ് സ്വര്‍ണ്ണം പണയപ്പെടുത്തിയത്. കേരള ബാങ്കില്‍ പണയപ്പെടുത്തിയ ഒരു കിലോയിലേറെ സ്വര്‍ണ്ണം അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. എന്നാല്‍ കാനറാ ബാങ്കിലെ സ്വര്‍ണ്ണം കണ്ടെടുക്കാനായിട്ടില്ല.
കാനറാ ബാങ്കിന്റെ രണ്ട് ശാഖകളിലുമായി ഒരു കിലോയോളം സ്വര്‍ണ്ണം പണയപ്പെടുത്തി പ്രതികള്‍ 44 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. പണയസ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം നടത്തുന്നതിനിടെ ബാങ്ക് കോടതിയില്‍ ഹരജി നല്‍കി. തട്ടിപ്പ് സ്വര്‍ണ്ണമാണെന്ന് അറിഞ്ഞുകൊണ്ടല്ല പണയത്തിനെടുത്തതെന്നും അതിനാല്‍ മുതല്‍ തിരിച്ചു നല്‍കാനാകില്ലെന്നുമാണ് ബാങ്കിന്റെ ഹരജിയില്‍ വ്യക്തമാക്കിയിരുന്നത്.
തുടര്‍ന്ന് കേസ് നടപടികള്‍ അവസാനിക്കും വരെ സ്വര്‍ണ്ണം ബാങ്കില്‍ സൂക്ഷിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള കാറടുക്ക സഹകരണസംഘത്തില്‍ നിന്ന് പണയസ്വര്‍ണ്ണം കടത്തിയതടക്കം 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ 11 പ്രതികളാണുള്ളത്. സഹകരണസഘം സെക്രട്ടറിയായിരുന്ന കര്‍മ്മംതൊടിയിലെ രതീഷാണ് ഒന്നാംപ്രതി.
രതീഷാണ് ആദ്യം അറസ്റ്റിലായത്. രതീഷിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ എന്ന മഞ്ചക്കണ്ടി ജബ്ബാര്‍, കോഴിക്കോട് അരക്കിണര്‍ സ്വദേശി സി നബീല്‍, ബേക്കല്‍ ഹദ്ദാദ് നഗറിലെ കെ അഹമ്മദ് ബഷീര്‍, എ അബ്ദുല്‍ ഗഫൂര്‍ എന്നിവരും അറസ്റ്റിലായി.