മലയോര യാത്ര ഇനി കഠിനമാകില്ല; കാഞ്ഞങ്ങാട്-മടിക്കൈ-പരപ്പ KSRTC സര്‍വീസ് നാളെ മുതല്‍

കാഞ്ഞങ്ങാട്: യാത്രാ ക്ലേശം രൂക്ഷമായ മലയോരത്തേക്ക് ആശ്വാസമായി ഇനി കെ.എസ്.ആര്‍.ടി സി സര്‍വീസ്. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. മലയോരത്ത് നിന്ന് ജില്ലാ ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍ക്കും നഗരത്തിലേക്കുള്ളവര്‍ക്കും പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഏറെ പ്രയോജനപ്പെടും. ജില്ലാ ആശുപത്രി - മുണ്ടോട്ട് - തായന്നൂര്‍- അടുക്കം- പരപ്പ എന്നിങ്ങനെയാണ് റൂട്ട്.
ജില്ലാ ആസ്പത്രി - മുണ്ടോട്ട് - തായന്നൂര്‍ - അടുക്കം -പരപ്പ റൂട്ടില്‍ നാളെ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കും. ജനങ്ങളുടെ ആവശ്യം ശക്തമായതോടെയാണ് തീരുമാനം.ഉച്ചയ്ക്ക് 2.10ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന ബസ് 3.30ന് പരപ്പയിലെത്തും. ജില്ലാ ആസ്പത്രി (2.20), കാഞ്ഞിരപ്പൊയില്‍ (2.45), തായന്നൂര്‍ (3.00), അടുക്കം (3.10) എന്നിങ്ങനെയാണ് സമയക്രമം. തിരികെ 3.35ന് പരപ്പയില്‍ നിന്ന് പുറപ്പെടുന്ന ബസ് 4.55ന് കാഞ്ഞങ്ങാടെത്തും. അടുക്കം (3.55), തായന്നൂര്‍ (4.05), കാഞ്ഞിരപ്പൊയില്‍ (4.20), ജില്ലാ ആസ്പത്രി (4.45) എന്നിങ്ങനെയാണ് സമയം.
നിലവില്‍ കൊന്നക്കാട് നിന്ന് പരപ്പ -മടിക്കൈ റൂട്ടില്‍ ഒരു സ്വകാര്യ ബസ് രാവിലെ നഗരത്തിലേക്കും വൈകുന്നേരം തിരിച്ചും മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.പുതിയ സര്‍വീസ് വരുന്നതോടെ എണ്ണപ്പാറ, അടുക്കം ഭാഗത്തുള്ളവര്‍ക്ക് പരപ്പയിലേക്ക് എളുപ്പത്തിലെത്തി മലയോരത്തെ വിവിധ ഭാഗങ്ങളിലേക്ക് പോകാനാകും. വൈകുന്നേരത്തെ സ്‌കൂള്‍ സമയത്ത് നഗരത്തിലേക്ക് മടങ്ങുന്നതും പ്രയോജനപ്പെടും.
ചെമ്മട്ടംവയല്‍ - കാലിച്ചാനടുക്കം റോഡ് മെക്കാഡം ചെയ്ത് നവീകരിച്ചിട്ടും ഈ റൂട്ടില്‍ ബസ് ഇല്ലാത്തത് വ്യാപക പരാതിക്കിടയാക്കിയിരുന്നു .സ്വകാര്യ വ്യക്തികള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചാലും സര്‍വീസ് നടത്താനുള്ള സമയം തീരുമാനിക്കാതെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. മറ്റ് ബസുടമകളുടെ സംഘടിതമായ എതിര്‍പ്പാണ് തടസമാകുന്നതെന്നാണ് ആരോപണം.
ആനക്കുഴി ഭാഗത്തെ യാത്രക്കാര്‍ ഏഴാംമൈല്‍ വഴി കാഞ്ഞങ്ങാടേക്ക് 35 രൂപ യാത്രാ നിരക്ക് നല്‍കുമ്പോള്‍ മടിക്കൈ വഴി 23 രൂപ മതിയാകും. തായന്നൂര്‍, എണ്ണപ്പാറയില്‍ നിന്നും 8 രൂപ കുറവാണ്. ഇതോടെ യാത്രക്കാര്‍ നഷ്ടമാകുമെന്ന ചിന്തയാണ് എതിര്‍പ്പിന് കാരണം.
തായന്നൂര്‍ - അടുക്കം, അടുക്കം - പരപ്പ റൂട്ടിലും പകല്‍ നേരം മണിക്കൂറുകളോളം ബസ് ഓടാത്ത സമയവുമുണ്ട്. ഇത്തരത്തില്‍ നാല് വ്യത്യസ്ത റൂട്ടുകളെയാണ് കെഎസ്ആര്‍ടിസി ബന്ധിപ്പിച്ച് ഓടുന്നത്.മലയോരത്തുള്ളവര്‍ക്ക് ജില്ലാ ആസ്പത്രിയിലേക്ക് എളുപ്പത്തിലെത്താന്‍ കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ സര്‍വീസ് തുടങ്ങണമെന്നാണ് ആവശ്യം. പുതിയ ബസുകള്‍ ലഭിക്കുന്ന മുറയ്ക്ക് അത്തരം ഇടപെടല്‍ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.