കുരുക്ക് അഴിയുന്നു: കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് നാളെ തുറക്കും

കാഞ്ഞങ്ങാട്: ഏറെ നാളത്തെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് നാളെ തുറന്നുകൊടുക്കും. രാവിലെ നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്യും. ബസ് സ്റ്റാൻസ് തുറന്നു കൊടുക്കുന്നതോടെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് രൂപപ്പെടുന്ന ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും.

നവീകരണപ്രവൃത്തികള്‍ക്കായി കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ബസ് സ്റ്റാന്‍ഡ് അടച്ചിട്ടത്. ഒന്നര മാസക്കാലം പ്രവൃത്തികള്‍ നടന്നില്ല. നീലേശ്വരം, കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ ബസ് സ്റ്റാന്‍ഡിന് തൊട്ടുമുന്നിലുള്ള പ്രധാന പാതയില്‍ നിര്‍ത്തിയിടുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ദീര്‍ഘകാലം ബസ് സ്റ്റാന്‍ഡ് അടച്ചിടുന്നതിനെതിരെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മെയ് പകുതിയോടെ ബസ് സ്റ്റാന്‍ഡിലെ ടാറിംഗ് ഇളക്കുന്ന ജോലികള്‍ ആരംഭിച്ചു. ഡ്രെയിനേജിനുള്ള കുഴിയുമെടുത്തു. മെയ് അവസാന വാരത്തോടെ മഴ കനത്തതിനാല്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കുഴിയില്‍ വെള്ളം നിറഞ്ഞതിനാല്‍ യാത്രക്കാരന് വീണ പരിക്കേറ്റിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയതോടെ ക്മ്മീഷന്‍ ഇടപെട്ടു. പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണെന്ന ആരോപണം ശക്തമായതിന് പിന്നാലെ സെപ്തംബര്‍ ആറിന് മുമ്പ് ബസ് സ്റ്റാന്‍ഡ് തുറന്നുകൊടുക്കണമെന്ന്് കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ കമ്മീഷന്‍ ഉത്തരവ് നഗരസഭയ്ക്ക് നടപ്പിലാക്കാനായില്ല.യാര്‍ഡിന്റെ പണി പൂര്‍ത്തിയായെങ്കിലും കോണ്‍ക്രീറ്റ് ഉറച്ചിരുന്നില്ല. ഇതിന് ശേഷമാണ് കോണ്‍ക്രീറ്റ് പൂര്‍ണമായും ഉറച്ചതിന് ശേഷം സെപ്തംബര്‍ 19ന് ഉദ്ഘാടനത്തോടുകൂടി ബസ് സ്റ്റാന്‍ഡ് തുറന്നുനല്‍കാന്‍ നഗരസഭ തീരുമാനിച്ചത്. 63 ലക്ഷം രൂപ ചെലവിലാണ് ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവൃത്തി നടപ്പാക്കിയത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it