കാഞ്ഞങ്ങാട്ട് അറസ്റ്റിലായ കാപ്പ കേസ് പ്രതിക്ക് ഇരട്ട പാസ്‌പോര്‍ട്ട്; കേസെടുത്ത് പൊലീസ്
അമ്പലത്തറ ഏഴാംമൈല്‍ കായലടുക്കത്തെ റംഷീദിനെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് അറസ്റ്റിലായ കാപ്പ കേസ് പ്രതിക്ക് ഇരട്ട പാസ്‌പോര്‍ട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. അമ്പലത്തറ ഏഴാംമൈല്‍ കായലടുക്കത്തെ റംഷീദിനെ(34)തിരെയാണ് ഇരട്ട പാസ്‌പോര്‍ട്ട് കൈവശം വെച്ചതിന് അമ്പലത്തറ പൊലീസ് കേസെടുത്തത്. പ്രതി ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. മുമ്പുണ്ടായിരുന്ന പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ മറച്ചുവെച്ച് പ്രതി ബംഗളൂരുവില്‍ നിന്നും വ്യാജ മേല്‍വിലാസത്തില്‍ മറ്റൊരു പാസ്‌പോര്‍ട്ട് തരപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ സെപ്തംബര്‍ 23നാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം റംഷീദിനെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്. ഈ സമയം പ്രതിയില്‍ നിന്ന് പൊലീസ് പാസ്‌പോര്‍ട്ട് കണ്ടെടുത്തിരുന്നു. കര്‍ണാടക പുത്തൂര്‍ സ്വദേശിയെന്ന മേല്‍വിലാസത്തിലായിരുന്നു പാസ്‌പോര്‍ട്ട്. ഈ പാസ്‌പോര്‍ട്ട് പൊലീസ് ഇന്റലിജന്‍സ് മേധാവിക്ക് അയച്ചുകൊടുത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേരളത്തിലെ മേല്‍വിലാസത്തില്‍ കായലടുക്കത്ത് താമസക്കാരനായി മറ്റൊരു പാസ്‌പോര്‍ട്ട് കൂടിയുണ്ടെന്ന് വ്യക്തമായത്.

