കാസര്‍കോട്ട് ബൈക്ക് ട്രെയിലറിനടിയില്‍ കുടുങ്ങി; ഇരിയണ്ണി സ്വദേശികളായ 2 പേര്‍ക്ക് ഗുരുതരം
രഞ്ജിഷ്, പ്രസാദ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്

കാസര്‍കോട്: നഗരത്തില്‍ ബൈക്ക് ട്രെയിലറിനടിയില്‍ കുടുങ്ങി രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരിയണ്ണി സ്വദേശികളായ രഞ്ജിഷ്(35), പ്രസാദ്(45) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇരുവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കാസര്‍കോട് പ്രസ് ക്ലബ്ബിന് സമീപമാണ് അപകടമുണ്ടായത്.
ഇരുവരും സഞ്ചരിക്കുകയായിരുന്ന ബൈക്ക് പ്രസ് ക്ലബ്ബ് ജംഗ്ഷനിലെത്തിയപ്പോള്‍ ട്രെയിലറിനടിയില്‍ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തുകയും അപകടത്തില്‍ പെട്ടവരെ സാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്തു. ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് അഗ്‌നിശമനസേന രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അസി. സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്, സീനിയര്‍ റെസ്‌ക്യു ഓഫീസര്‍ വി സുകു, ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥരായ വൈശാഖ്, ഉമേഷ്, ശ്രീജിത്ത്, റോബിന്‍, രാകേഷ്, ഷൈജു, കെ ആര്‍ അജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.