നിക്ഷേപ തട്ടിപ്പ്; കുണ്ടംകുഴി ജി.ബി.ജി ചെയര്‍മാനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
പെരിയ പുളിക്കാലിലെ ഗംഗാധരന്റെ ഭാര്യ വി രതിയുടെ പരാതിയിലാണ് ബേഡകം പൊലീസ് കേസെടുത്തത്

ബേഡകം : നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കുണ്ടംകുഴി ജി.ബി.ജി നിധി ചെയര്‍മാനെതിരെ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പെരിയ പുളിക്കാലിലെ ഗംഗാധരന്റെ ഭാര്യ വി രതി(38)യുടെ പരാതിയിലാണ് ജി.ബി.ജി നിധി ലിമിറ്റഡ് ചെയര്‍മാന്‍ ഡി വിനോദ് കുമാറിനെതിരെ ബേഡകം പൊലീസ് കേസെടുത്തത്. രതി അരലക്ഷം രൂപയാണ് ജി.ബി.ജി കമ്പനിയില്‍ നിക്ഷേപിച്ചിരുന്നത്.
ഇതില്‍ മൂന്ന് തവണകളായി 6750 രൂപ തിരികെ നല്‍കി. ബാക്കി തുക നല്‍കാതെ വഞ്ചിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജി.ബി.ജി ചെയര്‍മാനും ഡയറക്ടര്‍മാരും അടക്കമുള്ളവര്‍ക്കെതിരെ മുപ്പതിലധികം കേസുകള്‍ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലുമായി നിലവിലുണ്ട്. അറസ്റ്റിലായി റിമാണ്ടിലായിരുന്ന പ്രതികള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 96 ശതമാനം വരെ പലിശയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. പണം നിക്ഷേപിച്ചവര്‍ക്ക് പലിശയോ നിക്ഷേപിച്ച പണമോ ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയത്. അന്‍പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപിച്ച് വഞ്ചിതരായവരാണ് നിയമ നടപടികളുമായി മുന്നോട്ടുപോയത്.

