പോക്സോ കേസില്‍ ഒളിവില്‍ പോയ വൈദികനെ കണ്ടെത്താന്‍ 3 അയല്‍സംസ്ഥാനങ്ങളില്‍ അന്വേഷണം; സഹായിച്ചവരും കുടുങ്ങും
തമിഴ് നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്

കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി ഫാദര്‍ പോള്‍ തട്ടുംപറമ്പിലിനെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചു. തമിഴ് നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് അന്വേഷണം. മൂന്ന് പൊലീസ് സ്‌ക്വാഡുകള്‍ ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്ക് പോയാണ് അന്വേഷണം നടത്തുന്നത്. കേരളത്തിന് പുറത്തെ ബന്ധുക്കളെയും മറ്റു ചിലരേയും ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ചിറ്റാരിക്കാല്‍ അതിരുമാവില്‍ നിന്നും കാണാതായ അമല്‍ ടോമി എന്ന യുവാവും പോളിന്റെ കൂടെയുണ്ടെന്നാണ് സൂചന.
ചിറ്റാരിക്കാല്‍, മാലോം പരിസരങ്ങളില്‍ നിന്നും ജില്ലക്ക് പുറത്തു നിന്നും ഫാദര്‍ പോളിനെ ചിലര്‍ സാമ്പത്തികമായും മറ്റും സഹായിച്ചു വരുന്നതായി പൊലീസ് കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരെ ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ നിയമപ്രകാരവും പ്രതികളാക്കാന്‍ പൊലീസ് ആലോചിച്ചു വരുന്നുണ്ട്.
കോതമംഗലം രാമല്ലൂരിലെ ഇയാളുടെ വീടിന്റെ പരിസരങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് വ്യാപകമായി പതിക്കാന്‍ ചിറ്റാരിക്കാല്‍ പൊലീസ് രാമല്ലൂര്‍ ഭാഗത്തേക്ക് പോകും. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ആണ്‍കുട്ടിയെ ഫാദര്‍ പോള്‍ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് കേസ്.