പൊലീസ് ജീപ്പില്‍ 3 തവണ ഇടിപ്പിച്ചശേഷം കടന്നുകളഞ്ഞ കാര്‍ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു; കാര്‍ മഞ്ചേശ്വരം സ്വദേശിയുടേതെന്ന് സൂചന
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ 2 യുവാക്കളും ഒരു യുവതിയും ഉണ്ടെന്ന സംശയത്തില്‍ അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് പൊലീസ് ജീപ്പിന് നേരെ ആക്രമണം നടന്നത്

കുറ്റിക്കോല്‍: രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന ബേഡകം പൊലീസിന്റെ ജീപ്പില്‍ മൂന്നുതവണ ഇടിപ്പിച്ചശേഷം കടന്നുകളഞ്ഞ കാര്‍ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് കുറ്റിക്കോലില്‍ പിന്തുടര്‍ന്ന പൊലീസ് ജീപ്പില്‍ ഇടിപ്പിച്ചശേഷം കാര്‍ കടന്നുകളഞ്ഞത്. കുറ്റിക്കോലില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ രണ്ടു യുവാക്കളും ഒരു യുവതിയും ഉണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് കാര്യമന്വേഷിക്കാന്‍ പൊലീസ് ജീപ്പ് കാറിന്റെ വലതുഭാഗത്ത് നിര്‍ത്തുകയായിരുന്നു. പൊടുന്നനെ വേഗത്തില്‍ മുന്നോട്ടെടുത്ത കാര്‍ പൊലീസ് ജിപ്പിന്റെ മുന്‍ഭാഗത്തെ ഇടതുവശത്ത് ഇടിച്ചശേഷം ബന്തടുക്ക ഭാഗത്തേക്ക് കടക്കുകയായിരുന്നു.
കാറിനെ പൊലീസ് ജീപ്പ് പിന്തുടര്‍ന്നപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി കാര്‍ പൊലീസ് ജീപ്പില്‍ ഇടിപ്പിച്ചശേഷം സ്ഥലം വിടുകയായിരുന്നു. മൂന്നാമത്തെ തവണ കാര്‍ ഇടിപ്പിച്ചപ്പോള്‍ പൊലീസ് ജീപ്പിലുണ്ടായിരുന്ന ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഡ്രൈവര്‍ ആര്‍ രാകേഷ് കുമാറിന്റെ ഇരുകൈകള്‍ക്കും പരിക്കേറ്റു. രാകേഷ് കുമാര്‍ ബേഡടുക്ക താലൂക്കാസ്പത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ വധശ്രമത്തിനാണ് ബേഡകം പൊലീസ് കേസെടുത്തത്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊലീസ് ജീപ്പില്‍ ഇടിപ്പിച്ച കെ.എല്‍ 14 ക്യു 1178 നമ്പര്‍ കാറിന്റെ ഉടമ മഞ്ചേശ്വരം സ്വദേശിയാണെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. കുമ്പള- മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അന്വേഷണം നടത്തിവരികയാണ്.