ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന തുടരുന്നു; ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും രംഗത്ത്
യാത്രക്കാരില്‍ ലഹരിക്ക് അടിമകളായവരെ കണ്ടെത്തുന്നതിനാണ് പ്രധാനമായും പരിശോധന

കാസര്‍കോട്: ഓപ്പറേഷന്‍ രക്ഷിതയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി റെയില്‍വേ സ്റ്റേഷനുകളില്‍ നടക്കുന്ന പരിശോധനയുടെ തുടര്‍ച്ചയായി കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന തുടരുന്നു. റെയില്‍വേ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമാണ് പരിശോധന നടത്തുന്നത്. ഞായറാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു.
ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പ്ലാറ്റ് ഫോമിലും നിര്‍ത്തിയിട്ട ട്രെയിനുകളിലും പരിശോധന നടത്തി. യാത്രക്കാരില്‍ ലഹരിക്ക് അടിമകളായവരെ കണ്ടെത്തുന്നതിനാണ് പ്രധാനമായും പരിശോധന നടത്തുന്നത്. തിരുവനന്തപുരം വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ പെണ്‍കുട്ടിയെ തള്ളി വീഴ്ത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരി ഉപയോഗിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ റെയില്‍വേ പൊലീസും ആര്‍.പി.എഫും നടപടി ശക്തമാക്കിയത്. കഴിഞ്ഞദിവസം കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലും പരിശോധന നടന്നിരുന്നു.
ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും ലഹരിയില്‍ കാണപ്പെടുന്നവരെ കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ചകള്‍ നടത്തുന്നവരേയും മയക്ക് മരുന്ന് വില്‍പ്പനക്കാരേയും മറ്റ് സാമൂഹ്യ വിരുദ്ധരേയും കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളില്‍ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

