പൊട്ടിത്തെറിക്ക് കാരണം പ്ലൈവുഡ് ഫാക്ടറിയിലെ ബോയ് ലര്‍ വാല്‍വ് അടയാത്തത് മൂലമുള്ള മര്‍ദമെന്ന് പ്രാഥമിക നിഗമനം
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളത്തെ കെംറെക് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ കെ ഇമ്പശേഖര്‍

കുമ്പള : അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ ഡെക്കോര്‍ പാനല്‍ പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറിക്ക് കാരണം ബോയ് ലര്‍ വാല്‍വ് അടയാത്തത് മൂലമുള്ള മര്‍ദമെന്ന് പ്രാഥമിക നിഗമനം. ബോയ് ലറില്‍ മര്‍ദം കൂടുമ്പോള്‍ വാല്‍വ് സ്വയം പ്രവര്‍ത്തിച്ച് അടഞ്ഞാല്‍ മാത്രമേ മര്‍ദം ക്രമീകരിക്കാനാകൂ. വാല്‍വ് അടയാത്തതിനാല്‍ മര്‍ദം കൂടിയാണ് സ്ഫോടനമുണ്ടായതെന്നാണ് കരുതുന്നത്. എന്നാല്‍ വിശദമായ പരിശോധനയിലൂടെ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്ന് അഗ്‌നിരക്ഷാസേന പറഞ്ഞു.
ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അസം ഉദയ് ഗുരി ജില്ലയിലെ ബിസ്ഖുട്ടി ചെങ്കെല്‍മറയിലെ നജീറുല്‍ അലി(20) മരിക്കാനിടയായ സംഭവം നാടിനെ നടുക്കത്തിലാഴ്ത്തി. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ആറുപേരെ മംഗളൂരു ആസ്പത്രിയിലും രണ്ടുപേരെ കുമ്പള ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ തൊഴിലാളികള്‍ ഷിഫ്റ്റ് മാറാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി നടന്നത്. അപകടം നടക്കുന്ന സമയത്ത് ഫാക്ടറിയില്‍ 9 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. 13 കിലോ മീറ്റര്‍ ചുറ്റളവില്‍ സ്ഫോടനശബ്ദം കേട്ടത് പ്രദേശത്താകെ പരിഭ്രാന്തിക്കിടയാക്കി.
സമീപത്തുള്ള വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചില വീടുകള്‍ക്ക് വിള്ളലും സംഭവിച്ചു. കൂടുതല്‍ തൊഴിലാളികള്‍ ഈ സമയത്ത് ഇല്ലാതിരുന്നത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. പൊലീസും അഗ്‌നിരക്ഷാസേനയും ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പ്ലൈവുഡ് ഫാക്ടറി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളത്തെ കെംറെക് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു.

