അനധികൃത മണല്‍ക്കടത്ത്; രണ്ടുപേര്‍ റിമാണ്ടില്‍; ജില്ലയില്‍ ഇതാദ്യം

കുമ്പള: അനധികൃത മണല്‍ക്കടത്ത കേസില്‍ പിടിയിലായ രണ്ട് പ്രതികള്‍ റിമാണ്ടില്‍. ജില്ലയില്‍ ആദ്യമായാണ് മണല്‍ ക്കടത്ത് കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാണ്ട് ചെയ്യുന്നത്. സംസ്ഥാനത്തും അപൂര്‍വ്വമാണ്. ആരിക്കാടിയിലെ മന്‍ഷൂര്‍ അലി, പെര്‍വാഡിലെ ജുസൈര്‍ എന്നിവരാണ് റിമാണ്ടിലായത്. ഇരുവരെയും ഞായറാഴ്ച ആരിക്കാടിയില്‍ നിന്ന് 25 ചാക്ക് മണല്‍ ഓമ്നി വാനില്‍ കടത്തി കൊണ്ടു പോവുന്നതിനിടെയാണ് കുമ്പള പൊലീസ് പിടിച്ചത്. പൊതുമുതല്‍ കടത്തി കൊണ്ടുപോവാന്‍ ശ്രമിച്ചു എന്നുള്ള 305 ഇ. വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. അനധികൃത മണല്‍ക്കടത്തിനെതിരെയുള്ള നടപടി ഇത്തരം മാഫിയകള്‍ ഗൗനിച്ചിരുന്നില്ല. കടവും തോണിയും ഉള്‍പ്പെടെയുള്ളവ തകര്‍ത്തിരുന്നെങ്കിലും വീണ്ടും പഴയപടി മണല്‍ക്കടത്തുകയാണ് പതിവ്. ഇത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ ഒത്താശയും ഉണ്ടാവാറുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.