അനിശ്ചിതത്വത്തിലായി പോസ്റ്റുമോര്‍ട്ടം; ജനറല്‍ ആശുപത്രിയിലെ ഒഴിവ് എന്ന് നികത്തുമെന്നതില്‍ ആശങ്ക

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം അനിശ്ചിതത്ത്വത്തില്‍. ആകെയുണ്ടായിരുന്ന രണ്ട് ഫോറന്‍സിക് സര്‍ജന്‍മാരില്‍ അസിസ്റ്റന്റ് സര്‍ജന്‍ സ്ഥലം മാറിപ്പോയതോടെ പോസ്റ്റുമോര്‍ട്ടം നടത്തുന്നതില്‍ വീണ്ടും ആശങ്ക. സംസ്ഥാനത്ത് 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്ന ഏക ആശുപത്രിയാണ് കാസര്‍കോട് ജനറല്‍ ആശുപത്രി. പകരം ആളെ നിയമിക്കാതെയാണ് നിലവിലെ അസിസ്റ്റന്റ് സര്‍ജനെ മാറ്റിയിരിക്കുന്നത്. ഇതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ആരോഗ്യവകുപ്പിന് സ്ഥലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പരാതി നല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍, ഡി.എം.ഒ, ഐ.എം.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗം ചേര്‍ന്നിരുന്നു. ജനറല്‍ ആശുപത്രിയില്‍ മൂന്ന് ഫോറന്‍സിക് സര്‍ജന്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കാന്‍ യോഗം തീരുമാനിച്ചു. ആശുപത്രിയിലെ മോര്‍ച്ചറി സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തും.

മൂന്ന് വര്‍ഷം മുമ്പാണ് ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടത്തിന് തുടക്കമായത്. എന്നാല്‍ ഒരു ഫോറന്‍സിക് സര്‍ജന്റെ തസ്തിക മാത്രമാണ് അന്ന് സൃഷ്ടിച്ചത്. കോടതി ഉത്തരവ് പ്രകാരം മൂന്ന് ഫോറന്‍സിക് സര്‍ജനെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. അന്ന് ടാറ്റാ ആശുപത്രിയിലെ ഫോറന്‍സിക് ബിരുദമുള്ള ഡോക്ടറെ ജോലി ക്രമീകരണാര്‍ത്ഥം ജനറല്‍ ആശുപത്രിയില്‍ നിയമിച്ചാണ് രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് തുടക്കമിട്ടത്. ഈ സര്‍ജനാണ് കഴിഞ്ഞ ദിവസം സ്ഥലം മാറിപ്പോയത്.ഫോറന്‍സിക് സര്‍ജന്‍ ഇല്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം മുടങ്ങിയതിനെ തുടര്‍ന്ന് ഡ്യൂട്ടി കഴിഞ്ഞുപോയ സര്‍ജനെ വിളിച്ചുവരുത്തിയാണ് പ്രശ്‌നം തീര്‍ത്തത്. ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തുവന്നിരുന്നു. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചാല്‍ മാത്രമേ രാത്രികാല പോസ്റ്റുമോര്‍ട്ടവുമായി സഹകരിക്കൂ എന്ന് കെ.ജി.എം.ഒ ജില്ലാ പ്രസിഡന്റ് ഡോ ഷമീമ തന്‍വീര്‍ പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it