ഗര്‍ഭപാത്ര മുഴ നീക്കുന്നതിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി; പത്മ ക്ലിനിക്ക് ഡോക്ടര്‍ക്കെതിരെ കേസ്
ചേറ്റുകുണ്ടിലെ പ്രഭാകരന്റെ ഭാര്യ ചന്ദ്രികയുടെ പരാതിയില്‍ കോട്ടച്ചേരി പത്മ ക്ലിനിക്കിലെ ഡോക്ടര്‍ രേഷ്മക്കെതിരെയാണ് കേസെടുത്തത്

കാഞ്ഞങ്ങാട്: ഗര്‍ഭപാത്രത്തിലെ മുഴ നീക്കുന്നതിനിടെയുണ്ടായ ചികിത്സാ പിഴവിനെ തുടര്‍ന്ന് വീട്ടമ്മയുടെ മൂത്രസഞ്ചിക്ക് ദ്വാരം വന്നു. ചിത്താരി ചേറ്റുകുണ്ടിലെ പ്രഭാകരന്റെ ഭാര്യ ചന്ദ്രിക (42)യുടെ മൂത്രസഞ്ചിക്കാണ് ശസ്ത്രക്രിയക്കിടെ മുറിവേറ്റത്. ചന്ദ്രികയുടെ പരാതിയില്‍ കോട്ടച്ചേരി പത്മ ക്ലിനിക്കിലെ ഡോക്ടര്‍ രേഷ്മക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു.
ഗര്‍ഭപാത്രത്തില്‍ കാണപ്പെട്ട മുഴ നീക്കം ചെയ്യാന്‍ പത്മ ക്ലിനിക്കിലെത്തിയ ചന്ദ്രികയെ ഡോക്ടര്‍ രേഷ്മയാണ് ചികിത്സിച്ചത്. മുഴ നീക്കിയ ശേഷം മൂത്രം പോകുന്നത് നിലക്കാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ഡോക്ടറെ കാണുകയും മാസങ്ങളോളം ചികിത്സ നടത്തുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ചന്ദ്രികയുടെ മൂത്രസഞ്ചിക്ക് ദ്വാരം വന്നതായി കണ്ടെത്തി.
കാസര്‍കോട്ടെയും മംഗളൂരുവിലെയും ആശുപത്രികളില്‍ നടത്തിയ ചികിത്സയെ തുടര്‍ന്ന് ലക്ഷങ്ങള്‍ ചിലവായി. രണ്ട് ശസ്ത്രക്രിയകള്‍ കൂടി വേണ്ടി വന്നു. ഡോക്ടര്‍ രേഷ്മയുടെ അനാസ്ഥ മൂലമാണ് മൂത്രസഞ്ചിക്ക് ദ്വാരം വരാന്‍ കാരണമെന്ന് ചന്ദ്രിക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.