മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു
തൃക്കരിപ്പൂര്‍ ഉടുമ്പുംതലയിലെ എന്‍ കബീറിന്റെ ഭാര്യ ഖദീജ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുംതലയിലെ എന്‍ കബീറിന്റെ ഭാര്യ ഖദീജ(58) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിയോടെ പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ തേജസ് വസ്ത്രാലയത്തിന് സമീപമാണ് അപകടമുണ്ടായത്.
മദ്യലഹരിയില്‍ ഓടിച്ച കാര്‍ രണ്ട് ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഖദീജയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ഖദീജയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരണം സംഭവിച്ചു. ഖദീജ പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പോയി ഡോക്ടറെ കണ്ട് ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
ഓട്ടോ ഡ്രൈവര്‍ എം അനീഷിനും(38) യാത്രക്കാരായ മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റു. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന്റെ ആഘാതത്തില്‍ കാറിന്റെ ടയര്‍ ഊരിത്തെറിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവര്‍ കാറിലുണ്ടായിരുന്ന നീലേശ്വരം സ്വദേശികളായ രണ്ടുപേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമായി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

