സ്‌കൂട്ടറിന്റെ നമ്പര്‍ ശ്രദ്ധിച്ച് നോക്കിയെന്നാരോപിച്ച് കാര്‍ തടഞ്ഞ് യാത്രക്കാരനെ ആക്രമിച്ചതായി പരാതി
കടമ്പാര്‍ സ്വദേശിയും ഉപ്പള കൈക്കമ്പയില്‍ ഇറച്ചി വ്യാപാരിയുമായ അബ്ദുല്‍ മജീദിനെയാണ് ആക്രമിച്ചത്

ഹൊസങ്കടി: കാറിനെ മറികടന്ന് അമിത വേഗതയില്‍ സ്‌കൂട്ടര്‍ കടന്നു പോകുമ്പോള്‍ നമ്പര്‍ ശ്രദ്ധിച്ചു നോക്കിയതിന് കാര്‍ തടഞ്ഞ് യാത്രക്കാരനെ ആക്രമിച്ചതായി പരാതി. കടമ്പാര്‍ സ്വദേശിയും ഉപ്പള കൈക്കമ്പയില്‍ ഇറച്ചി വ്യാപാരിയുമായ അബ്ദുല്‍ മജീദി(44)നെയാണ് ആക്രമിച്ചത്. ബുധനാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം.
മജീദ് ആനക്കല്ല് ഭാഗത്തേക്ക് കാറില്‍ പോകുമ്പോള്‍ കാറിന്റെ പിറകില്‍ നിന്ന് ഒരു സ്‌കൂട്ടര്‍ ഹോണടിച്ച് അമിത വേഗതയില്‍ കാറിനെ മറികടന്ന് പോകുന്നതിനിടെ മജീദ് സ്‌കൂട്ടറിന്റെ നമ്പര്‍ നോക്കിയിരുന്നു. കടമ്പാര്‍ സ്‌കൂളിനടുത്തെ ത്തിയപ്പോള്‍ സ്‌കൂട്ടര്‍ കാറിന് കുറുകെ വെച്ചു. മജീദ് കാറിന് പുറത്തിറങ്ങി ചോദ്യം ചെയ്തപ്പോള്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മര്‍ദ്ദിച്ചു.
സ്‌കൂട്ടറില്‍ സൂക്ഷിച്ച ആയുധമെടുക്കുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മജീദിനെ പിന്തുടര്‍ന്ന പ്രതി ആയുധം വീശുന്നതിനിടെ മജീദിന് കൈക്ക് മുറിവേറ്റു. മജീദ് കുമ്പള സഹകരണാസ്പത്രിയില്‍ എത്തി ചികിത്സ തേടി. മഞ്ചേശ്വരം പൊലീസ് പ്രതിയെ കണ്ടെത്തുന്നതിന് പരിസരത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.