ആശങ്ക കൂട്ടി കനത്ത മഴ ; മണ്ണിടിച്ചില്‍ ഭീഷണിയില്‍ ജില്ലയിലെ നാല് കുന്നുകള്‍

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മണ്ണിടിച്ചില്‍ സാധ്യത മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറാണ് ജാഗ്രത പുറപ്പെടുവിച്ചത്. ജില്ലയില്‍ ദേശീയപാതാ നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി മണ്ണെടുത്ത ബേവിഞ്ച , തെക്കില്‍, വീരമലക്കുന്ന് , മട്ടലായി കുന്ന് എന്നീ കുന്നുകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുകയാണ്. വീരമലക്കുന്ന് ബുധനാഴ്ച ഇടിഞ്ഞ പശ്ചാത്തലത്തില്‍ മറ്റ് കുന്നുകളിലും മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. ദേശീയ പാതാ നിര്‍മാണത്തിന്റെ മറവില്‍ അളവിലും കൂടുതല്‍ കുന്നുകളില്‍ നിന്ന്് മണ്ണെടുത്തതാണ് ദുരന്തം സൃഷ്ടിക്കുന്നത്. ഈ റീച്ചുകളില്‍ മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. ഇവിടങ്ങളില്‍ നിന്ന് അനധികൃതമായി മണ്ണെടുത്തിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ചെങ്കള-നീലേശ്വരം റീച്ചില്‍ ചാലിങ്കാലില്‍ ദേശീയപാതക്ക് സമീപമുള്ള കുന്നില്‍ നിന്നും 2.80 ഏക്കര്‍ സ്ഥലത്തെ മണ്ണ് അനധികൃതമായി കടത്തിയെന്നാണ് കണ്ടെത്തല്‍. വീരമലക്കുന്നിലും സ്ഥിതി വ്യത്യസ്തമല്ല. ജില്ലയില്‍ മറ്റൊരു ഷിരൂര്‍ ആവര്‍ത്തിക്കാനുള്ള എല്ലാ ഭീഷണിയോടെയുമാണ് ഈ കുന്നുകള്‍ നിലകൊള്ളുന്നത്.

വീരമലക്കുന്നില്‍ ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കി കഴിഞ്ഞ മാസം ഡ്രോണ്‍ സര്‍വേ നടത്തിയിരുന്നു. സര്‍വ്വെയില്‍ കുന്നില്‍ വിള്ളല്‍ രൂപപ്പെട്ടതായും കുന്നിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതായും കണ്ടെത്തിയിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് ദേശീയ പാത അതോറിറ്റിക്ക് കൈമാറിയിട്ടും നടപടി സ്വീകരിച്ചില്ല. ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്. ഇനിയും പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതായാണ് കണ്ടെത്തല്‍. ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

ബേവിഞ്ച , തെക്കില്‍, വീരമലക്കുന്ന് , മട്ടലായി കുന്ന് എന്നീ കുന്നുകളില്‍ നിന്ന്് മണ്ണെടുത്തത് അശാസ്ത്രീയമായാണെന്ന്് ജിയോളജിസ്റ്റ് സംഘം കണ്ടെത്തിയിരുന്നു. മണ്ണെടുക്കുമ്പോള്‍ പാലിക്കേണ്ട യാതൊരു വിധ നിബന്ധനകളും കമ്പനി പാലിച്ചില്ലായിരുന്നു. ഇവിടങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത നില്‍നില്‍ക്കുന്നതായാണ് സംഘം , ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ചരിവു പാലിക്കാതെയാണ് ഈ നാലു കുന്നുകളിലെയും മണ്ണ് തുരന്നെടുത്തതെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും. വീരമലക്കുന്നില്‍ നിന്ന് മണ്ണിടിച്ച് കടത്തിയ മേഘ എന്‍ജീനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന് നേരത്തെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് 1.75 കോടി രൂപ പിഴ ചുമത്തിയിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം ജില്ലയില്‍ മഴ വരും ദിവസങ്ങളിലും കനക്കാനാണ് സാധ്യത.നാല് കുന്നുകളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരിസരത്തുള്ള കുടുംബങ്ങള്‍ ഭീതിയിലൂടെ കടന്നുപോകുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it