ദുരിതപ്പെയ്ത്ത്..! ജില്ലയില്‍ കനത്ത മഴ തുടരുന്നു; കുളങ്ങാട്ട് മലയില്‍ വിള്ളല്‍

കാസര്‍കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. ബുധനാഴ്ച പെയ്ത അതിതീവ്ര മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.പ്രധാന നദികള്‍ കരകവിഞ്ഞൊഴുകി. അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ തുടര്‍ന്ന് ഉപ്പള പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഉപ്പള, മഞ്ചേശ്വരം ,മധൂര്‍ ,പുത്തിഗെ ,അംഗടിമൊഗര്‍ ചായ്യോം റിവര്‍ഗേജ് സ്റ്റേഷനുകളില്‍ ജലനിരപ്പ് അപകടനില കവിഞ്ഞു. കാര്യങ്കോട് പുഴയില്‍ ഭീമനടി റിവര്‍ഗേജ് മുന്നറിയിപ്പ് നിലകവിഞ്ഞു.യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് ഹൈഡ്രോളജി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗം ചേര്‍ന്നു.ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ വിള്ളല്‍ ഉണ്ടായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ് ,വനം, തദ്ദേശസ്വയംഭരണം വകുപ്പുകള്‍ ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലായ പ്രദേശങ്ങളില്‍ കാഴ്ചക്കാരായി ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായും ഒഴിവാക്കും. രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കും.അപകട നിലയിലുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

കടലേറ്റം രൂക്ഷമായ തൃക്കണ്ണാട്, കനത്ത മഴ തുടരുന്നതിനാല്‍ കടലേറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ജില്ലയിലെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെ വൈകീട്ട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ബുധനാഴ്ച പെയ്ത അതിതീവ്ര മഴയില്‍ പ്രധാന നഗരങ്ങളില്‍ വെള്ളം കയറി. കാഞ്ഞങ്ങാട് നഗരത്തില്‍ റോഡിന്റെ ഇരുവശവും വെള്ളം കയറി. ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന മട്ടലായി, വീരമലര്‍ക്കുന്ന്, ബേവിഞ്ച എന്നിവിടങ്ങള്‍ അതീവ ജാഗ്രതയിലാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it