ഹരീഷന്റെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ അനാസ്ഥയെന്നാരോപിച്ച് ആസ്പത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി ബി.ജെ.പി പ്രവര്‍ത്തകര്‍

മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോകണമോയെന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നും ഇവിടെ തന്നെ ചികില്‍സ നല്‍കാമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്

കുമ്പള : ആരിക്കാടിയിലെ ഹരീഷന്റെ(37) മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയാണെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കുമ്പള ജില്ലാ സഹകരണാസ്പത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ പെര്‍വാഡില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ഹരീഷനെ ഉടന്‍ തന്നെ ജില്ലാ സഹകരണാസ്പത്രിയിലെത്തിച്ചിരുന്നു.

ഹരീഷനെ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോകണമോയെന്ന് ഒപ്പമുണ്ടായിരുന്നവര്‍ ചോദിച്ചപ്പോള്‍ വേണ്ടെന്നും ഇവിടെ തന്നെ ചികില്‍സ നല്‍കാമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ രണ്ടുമണിക്കൂര്‍ കഴിഞ്ഞതോടെ ഹരീഷന്റെ നില ഗുരുതരമാകുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. ഇതോടെ ഹരീഷനെ വെന്റിലേറ്ററിലേക്ക് മാറ്റി.

രാവിലെ 8.30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. വിദഗ്ധ ചികില്‍സക്കായി മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റിയിരുന്നെങ്കില്‍ ഹരീഷന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും ആസ്പത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

Related Articles
Next Story
Share it