ജി.എസ്.ടി ഇളവില്‍ അവശ്യ ഭക്ഷ്യ സാധനങ്ങളില്ല: സാധാരണക്കാരുടെ നടുവൊടിച്ച് വിലക്കയറ്റം

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ കെട്ടിഘോഷിച്ചു നടപ്പിലാക്കിയ ജി എസ് ടി ഇളവ് അവശ്യ ഭക്ഷ്യസാധനങ്ങള്‍ക്ക് ബാധകമാക്കാത്തത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുന്നു. വിപണിയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് നാള്‍ക്കുനാള്‍ വില കൂടിക്കൊണ്ടിരിക്കുകയാണ്.ജി.എസ്.ടി ഇളവ് നിര്‍മ്മാണ മേഖലയ്ക്കും, വാഹനങ്ങള്‍ക്കും, മരുന്നിനും, വീട്ടുപകരണങ്ങള്‍ക്കും , ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുമൊക്കെ ബാധമാക്കിയത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ജി.എസ്.ടി ഇളവ് നടപ്പാക്കണമെന്നാണ് ആവശ്യം.

നിത്യോപയോഗ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലയാണ് കുറയേണ്ടിയിരുന്നതെന്നാണ് വിപണിയിലെത്തുന്നവര്‍ ചൂണ്ടികാട്ടുന്നത്. ദിവസേന എന്നോണം ആണ് ഭക്ഷ്യസാധനങ്ങള്‍ക്ക് വിപണിയില്‍ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്.നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റം നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. അവശ്യസാധനങ്ങളുടെ ഇന്നത്തെ കമ്പോള നില ഇപ്രകാരമാണ്.അരി 50, പച്ചരി 32,ടൈഗര്‍ 60, അവില്‍ 60,പഞ്ചസാര 45,വെല്ലം 68,നീരുളി 25, വെള്ളുള്ളി 140,പുളി 220, മുളക് 540,കും:മുളക് 260,മല്ലി 140,ചെറുപയര്‍ 160,പയര്‍ 180,കടല 130, തോ:പരിപ്പ് 160, കടലപ്പരിപ്പ് 140,ചെ: പരിപ്പ് 160, ഗോതമ്പ് 50, പാല്‍പ്പൊടി 440, ചായപ്പൊടി 280, വെളിച്ചെണ്ണ 440

അതേസമയം പഴവര്‍ഗങ്ങളില്‍ നേന്ത്രപ്പഴത്തിന് ഇന്നലെ വലിയ വില ഇടിവുണ്ടായി.മൂന്നുകിലോ നേന്ത്രക്കായയ്ക്ക് 100 രൂപയായിരുന്നു ഇന്നലത്തെ വില. നേരത്തെ കിലോയ്ക്ക് 50 രൂപയായിരുന്നു വില. മറ്റു പഴവര്‍ഗ്ഗങ്ങള്‍ക്ക് വ്യത്യാസമില്ലാതെ വില തുടരുന്നു. പച്ചക്കറികള്‍ക്കും കാര്യമായ വിലക്കുറവില്ല. നവരാത്രി-ദസറ ആഘോഷമായതിനാല്‍ പച്ചക്കറികള്‍ക്ക് വില കുറയാന്‍ സാധ്യതയില്ലെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നുണ്ട്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it