ബസ് ഡ്രൈവര്‍ പ്രതിയായ പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു

ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്

കാഞ്ഞങ്ങാട്: സ്വകാര്യബസ് ഡ്രൈവര്‍ പ്രതിയായ പോക്സോ കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു. ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മൊഴി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പടന്നക്കാട് കരുവളത്തെ ശരതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും ശേഷവും ശരത് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2023 മെയ് മാസത്തില്‍ 17 വയസുകാരിയായ പെണ്‍കുട്ടിയെ ശരത് കാറില്‍ കയറ്റി ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജിലേക്ക് കൊണ്ടുപോകുകയും ലഹരി കലര്‍ന്ന ദ്രാവകം നല്‍കി പീഡിപ്പിക്കുകയും ചെയ്തു. അന്ന് ലോഡ്ജില്‍ വച്ചെടുത്ത നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പിന്നീടുള്ള ദിവസങ്ങളില്‍ പീഡിപ്പിച്ചത്.

പ്ലസ്ടു പഠനത്തിന് ശേഷം കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ നഴ്സിംഗിന് ചേര്‍ന്ന പെണ്‍കുട്ടിയെ 2025 ജൂലൈ, ആഗസ്ത് മാസങ്ങളില്‍ രണ്ട് ദിവസങ്ങളിലായി പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയുമായുള്ള ബന്ധം ശരത് ഉപേക്ഷിച്ചു. ഇതോടെ മാനസികസമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടി ആത്മഹത്യാശ്രമവും നടത്തി. ഇതോടെയാണ് പീഡനവിവരം വീട്ടുകാരറിഞ്ഞത്. പെണ്‍കുട്ടി ആദ്യം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയതെങ്കിലും പീഡനം നടന്നത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി അവിടെ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പരാതിയില്‍ പോക്സോ, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ബേക്കല്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ എസ്.ഐ എം.വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായതായി പൊലീസ് നടത്തിയ വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു.

Related Articles
Next Story
Share it