തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്; കരട് വോട്ടര്‍പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും
അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും

കാസര്‍കോട്: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ബുധനാഴ്ച (ജൂലൈ -23) പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കരട് വോട്ടര്‍ പട്ടികയില്‍ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാര്‍ഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാന്‍സ്‌ജെന്‍ഡറും) വോട്ടര്‍മാരാണുള്ളത്. 2024ല്‍ സമ്മറി റിവിഷന്‍ നടത്തിയ വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളിലേയ്ക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2020ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും സമ്മറി റിവിഷന്‍ നടത്തിയിരുന്നു.
2023 ഒക്ടോബറിലെ കരടില്‍ 2,76,70,536 വോട്ടര്‍മാരാണുണ്ടായിരുന്നത്. പട്ടികയില്‍ പുതുതായി 57,640 പേരെ ചേര്‍ക്കുകയും മരണപ്പെട്ടതോ, സ്ഥലംമാറി പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ 8,76,879 അനര്‍ഹരെ ഒഴിവാക്കുകയും ചെയ്തിരുന്നു. അന്തിമപട്ടികയില്‍ ആകെ 2,68,51,297 പേരുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ അതിനായി പട്ടിക പുതുക്കിയിരുന്നു.
2024 ജൂലൈയില്‍ പുതുക്കിയ കരട് വോട്ടര്‍ പട്ടികയില്‍ 2,68,57,023 വോട്ടര്‍മാരാണുണ്ടായിരുന്നത്. 2,68,907 പേരെ പുതുതായി ചേര്‍ക്കുകയും അനര്‍ഹരായ 4,52,951 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 2024 ജൂലൈയില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 2,66,72,979 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ അതിനുശേഷം പട്ടിക പുതുക്കിയിരുന്നു.
കരട് വോട്ടര്‍ പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആഗസ്റ്റ് 7 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിംഗിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം.
വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോറം 5) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.