ജില്ലയില്‍ മാലിന്യപ്രശ്‌നം തുടര്‍ക്കഥ; രണ്ട് ദിവസത്തിനിടെ ചുമത്തിയ പിഴ 40,000 രൂപ

കാസര്‍കോട്: അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തില്‍ എത്ര കണ്ടാലും എത്ര കൊണ്ടാലും പഠിക്കില്ല എന്ന അവസ്ഥയാണ് ജില്ലയില്‍. വിവിധ ഇടങ്ങളില്‍ വ്യക്തികളും സ്ഥാപനങ്ങളും തങ്ങളുടെ ജൈവ അജൈവ മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് തുടര്‍ക്കഥയാവുകയാണ്. അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പിഴ ഈടാക്കിയ റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്തുവരുമ്പോഴും നിയമലംഘനങ്ങള്‍ക്കും കുറവില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ വിവിധ ഇടങ്ങളിലെ നിയമലംഘനങ്ങള്‍ക്കായി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആകെ ചുമത്തിയ പിഴ 40,000 രൂപയാണ്. മാലിന്യം വലിച്ചെറിഞ്ഞതും അലക്ഷ്യമായി കൂട്ടിയിട്ടതുമുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനകളില്‍ കുറ്റകൃത്യങ്ങള്‍ കണ്ടെ്ത്തുകയം നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് സൗത്തിലെ അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും റിങ്ങില്‍ കൂട്ടിയിട്ടതിന് 5000 രൂപ പിഴ ചുമത്തി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സ്റ്റോര്‍, കോംപ്ലക്‌സ്, ഹോട്ടല്‍ എന്നീ സ്ഥാപന പരിസരത്ത് മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടതിന് ബന്ധപ്പെട്ടവര്‍ക്ക് 10000 രൂപ പിഴ ചുമത്തി. മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാത്തതിന് കാഞ്ഞങ്ങാട് സൗത്തിലെ ഏജന്‍സിക്കും, സ്ഥാപന ഉടമയ്ക്കും 4000 രൂപ വീതം പിഴ ചുമത്തി.

ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ജൈവ -അജൈവ മാലിന്യങ്ങള്‍ കൂട്ടിയിട്ടതിന് കാറഡുക്കയിലെ കോര്‍ട്ടേഴ്‌സിന് 5000 രൂപയും, മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഹൈപ്പര്‍മാര്‍ക്കറ്റിന് 4000 രൂപയും പിഴ ചുമത്തി. കടയും പരിസരവും വൃത്തിയായി സൂക്ഷിക്കാതിരുന്നതിന് തൃക്കരിപ്പൂരിലെ ചിക്കന്‍ സെന്റര്‍, കാറഡുക്കയിലെ ജനറല്‍ സ്റ്റോര്‍ എന്നീ സ്ഥാപന ഉടമകള്‍ക്ക് 4000 രൂപ വീതം പിഴ ചുമത്തി.

പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോയ്സ് ജോസഫ്, പി.ജയശ്രീ, പി.ശാരദ, സുപ്രിയ, സ്‌ക്വാഡ് അംഗം ടി.സി ഷൈലേഷ് എന്നിവര്‍ പങ്കെടുത്തു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it