107 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

കുമ്പള കൃഷ്ണ നഗറിലെ കെ. രഞ്ജിത്ത് ആണ് കോടതിയില്‍ കീഴടങ്ങിയത്.

കുമ്പള: ഒന്നര വര്‍ഷം മുമ്പ് ടെമ്പൊയില്‍ കടത്തിയ 107 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. കുമ്പള കൃഷ്ണ നഗറിലെ കെ. രഞ്ജിത്ത്(30) ആണ് കോടതിയില്‍ കീഴടങ്ങിയത്. മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒന്നര വര്‍ഷം മുമ്പ് കര്‍ണ്ണാടകയില്‍ നിന്ന് ടെമ്പോയില്‍ കടത്തിക്കൊണ്ടുവന്ന 107 കിലോ കഞ്ചാവ് കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പെര്‍ളയില്‍ വെച്ചാണ് പിടികൂടിയത്.

അന്ന് ടെമ്പോയിലുണ്ടായിരുന്ന ഡ്രൈവറെയും പേരാലിലെ സാഹിറിനെയും സംഭവസ്ഥലത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുമ്പള സ്വദേശിയും കൊടിയമ്മയില്‍ താമസക്കാരനുമായ ബാഷിത്തിനെ ഒന്നര മാസം മുമ്പ് വീട്ടില്‍ വെച്ച് പിടികൂടുന്നതിനിടെ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ ഇരുമ്പ് കഷ്ണം കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും പിന്നീട് അതി സാഹസികമായി കീഴടക്കുകയും ചെയ്തിരുന്നു.

രഞ് ജിത്ത് എക്സൈസ് സംഘം പിന്തുടര്‍ന്നതറിഞ്ഞ് കേരളത്തിന്റെ പല സ്ഥലങ്ങളിലും കര്‍ണ്ണാടകയിലും ഒളിവില്‍ കഴിയുകയായിരുന്നു. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it