ലീസിന് വണ്ടി കൈക്കലാക്കി കടത്തുകയും വാഹനം വിട്ടുകിട്ടാന്‍ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന സംഘ തലവന്‍ പിടിയില്‍
കാസര്‍കോട് ഉളിയത്തടുക്ക എസ് പി നഗര്‍ സ്വദേശി അബ്ദുള്‍ അഷ്ഫാഖിനെയാണ് അറസ്റ്റ് ചെയ്തത്

മഞ്ചേശ്വരം: വാഹന തട്ടിപ്പ് വീരന്‍ മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായി. കാസര്‍കോട് ഉളിയത്തടുക്ക എസ് പി നഗര്‍ സ്വദേശി അബ്ദുള്‍ അഷ്ഫാഖിനെ(31)യാണ് മഞ്ചേശ്വരം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റുചെയ്തത്. വിവാഹം ഉള്‍പ്പെടെയുള്ള നിരവധി കാരണങ്ങള്‍ പറഞ്ഞ് ലീസിന് വാഹനം ഉടമസ്ഥരില്‍ നിന്നും വാങ്ങിക്കുകയും, വാഹനം കൈമാറ്റം ചെയ്ത് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അഷ്ഫാഖെന്ന് പൊലീസ് പറഞ്ഞു. വാഹനം വിട്ടു നല്‍കാന്‍ ഉടമസ്ഥരില്‍ നിന്നും പണം തട്ടുയെടുക്കുന്നതും ഇയാളുടെ പതിവാണ്.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ സമാനമായ മറ്റൊരു കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശനിയാഴ്ച കുമ്പള പൊലീസ് സ്റ്റേഷനില്‍ സമാനമായ മറ്റൊരു പരാതി കൂടി ലഭിച്ചതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കി. വിദ്യാനഗര്‍, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളിലായി പതിനേഴോളം കേസുകളില്‍ പ്രതിയാണ് പിടിയിലായ പ്രതി. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാണ്ടിലാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് എഎസ്പി ഡോ. നന്ദഗോപന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം, വിദ്യാനഗര്‍, കുമ്പള ഇന്‍സ്പക്ടര്‍മാര്‍, കാസര്‍കോട് സബ് ഡിവിഷന്‍ സ്‌ക്വാഡും അടങ്ങുന്നതാണ് അന്വേഷണ സംഘം.