വിസ വാഗ്ദാനം നല്‍കി തട്ടിപ്പ്; ബംഗളൂരുവില്‍ പിടിയിലായ മലപ്പുറം സ്വദേശിക്കെതിരെ ബേഡകത്തും കേസ്
മലപ്പുറം വണ്ടൂര്‍ പാലക്കോട് ചെണ്ടമന്‍കുളത്തില്‍ സി.കെ അനീസിനെതിരെയാണ് ബേഡകത്തും കേസുള്ളത്

കുണ്ടംകുഴി: യു.എ.ഇ വിസ വാഗ്ദാനം ചെയ്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1.5 കോടിയോളം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശിക്കെതിരെ കാസര്‍കോട് ജില്ലയിലെ ബേഡകം പൊലീസ് സ്റ്റേഷനിലും കേസ്. മലപ്പുറം വണ്ടൂര്‍ പാലക്കോട് ചെണ്ടമന്‍കുളത്തില്‍ സി.കെ അനീസിനെ(39)തിരെയാണ് ബേഡകത്തും കേസുള്ളത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അനീസിനെതിരെ പതിനഞ്ചോളം കേസുകളുണ്ട്.
തിരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ആറും പരപ്പന സ്റ്റേഷന്‍ പരിധിയില്‍ രണ്ടും കരുവാരക്കുണ്ട്, മൂവാറ്റുപുഴ, കൊട്ടാരക്കര, പൊന്നാനി, മങ്കട, ബേഡകം സ്റ്റേഷനുകളിലായി ഓരോ കേസുകളുമാണ് അനീസിനെതിരെയുള്ളത്. വിസതട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന അനീസിനെ ആറളം പൊലീസ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് പിടികൂടി. നൂറിലധികം പേരില്‍ നിന്നാണ് അനീസ് പണം തട്ടിയെടുത്തത്.
കീഴ്പ്പള്ളി പുതിയങ്ങാടിയിലെ മുഹമ്മദ് അജ്സലില്‍ നിന്നും യു.എ.ഇ വിസ വാഗ്ദാനം ചെയ്ത് 1.4 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അനീസിനെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പ് ആറളം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസിലാണ് അനീസ് ആദ്യം പ്രതിയാകുന്നത്. തട്ടിപ്പിനിരയായ മറ്റുള്ളവരും പരാതി നല്‍കിയതോടെ അനീസിനെതിരെ കൂടുതല്‍ പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കേരളത്തില്‍ വിസ തട്ടിപ്പ് നടത്തി സമ്പാദിച്ച പണം കൊണ്ട് അനീസ് ജലന്തറില്‍ സ്ഥലം വാങ്ങി 80 ലക്ഷം രൂപയുടെ വീട് വെച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ബംഗളൂരുവിലെ വാടക വീട്ടില്‍ താമസിക്കുന്നതിനിടെ പഞ്ചാബ് സ്വദേശിനിയെ വിവാഹം ചെയ്താണ് ജലന്തറിലേക്ക് താമസം മാറിയത്. വാട്സ് ആപ് ഗ്രൂപ്പുകള്‍ ഉപയോഗിച്ച് പരസ്യം നല്‍കി അനീസ് 2014 മുതലേ വിസ തട്ടിപ്പിന് തുടക്കം കുറിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.